നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ഇടഞ്ഞ ആന ആക്രമിച്ച ആൾ മരിച്ചു
മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ആന ആക്രമിച്ച ആൾ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ പള്ളിയിൽ ചടങ്ങുകൾ നടക്കുന്നതിനിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെ ചുഴറ്റി എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്.
അഞ്ച് ആനകളാണ് പോത്തന്നൂരിൽ നിന്നുള്ള നേർച്ചയ്ക്കൊപ്പം തിരൂരിൽ എത്തിയത്. പള്ളിമുറ്റത്ത് ആനകളുടെ ചുറ്റും വൻ ജനാവലിയുണ്ടായിരുന്നു. ഇതിനിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന പ്രകോപിതനായത്. ആൾക്കൂട്ടത്തിലേക്ക് തിരിഞ്ഞ ആന സമീപത്തുണ്ടായിരുന്ന ആളെ തുമ്പിക്കയിൽ തൂക്കി ചുഴറ്റി എറിയുകയായിരുന്നു. രാത്രി 1.45 ഓടെ പാപ്പാന്മാർ ആനയെ തളച്ചു. ചട്ടങ്ങൾ പാലിച്ചാണ് ആനയെ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കളക്ടർ ഇടപെട്ട് ബാക്കി ചടങ്ങുകളിൽ ആനകളെ എഴുന്നള്ളിക്കുന്നത് വിലക്കി.