Monday, December 23, 2024 5:20 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. പരീക്ഷണ ശാലയിൽ നിന്ന് രക്ഷപ്പെട്ടത് 43 പെൺ കുരങ്ങുകൾ
പരീക്ഷണ ശാലയിൽ നിന്ന് രക്ഷപ്പെട്ടത് 43 പെൺ കുരങ്ങുകൾ

International

പരീക്ഷണ ശാലയിൽ നിന്ന് രക്ഷപ്പെട്ടത് 43 പെൺ കുരങ്ങുകൾ

November 8, 2024/International

'കണ്ടാൽ പുറത്ത് പോലും ഇറങ്ങരുത്',


പരീക്ഷണ ശാലയിൽ നിന്ന് രക്ഷപ്പെട്ടത് 43 പെൺ കുരങ്ങുകൾ,


പിന്നാലെ പാഞ്ഞ് പൊലീസ്

സൌത്ത് കരോലിന: അമേരിക്കയിലെ പരീക്ഷണ ശാലയിൽ നിന്ന് രക്ഷപ്പെട്ടത് 43 കുരങ്ങന്മാർ. സൌത്ത് കരോലിനയിൽ മരുന്ന് പരീക്ഷണങ്ങൾക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്. ആൽഫ ജെനസിസ് എന്ന സ്ഥാപനമായിരുന്നു റീസസ് കുരങ്ങുകളെ സൂക്ഷിച്ചിരുന്നത്. സൌത്ത് കരോലിനയിലെ ലോകൺട്രി മേഖലയിലാണ് നാല് കിലോ വീതം ഭാരമുള്ള പെൺകുരങ്ങുകൾ അലഞ്ഞ് തിരിയുന്നത്.

വീടിനോ ഓഫീസ് പരിസരത്തോ കുരങ്ങുകളെ കണ്ടാൽ അവയുടെ പരിസരത്തേക്ക് എത്താൻ ശ്രമിക്കരുതെന്നും ഇവയ്ക്ക് ഭക്ഷണം നൽകാനോ ശ്രമിക്കരുതെന്നും മുറികൾക്കുള്ളിൽ തുടരണമെന്നുമാണ് സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. യെമസീ പൊലീസാണ് കുരങ്ങുകൾക്കായുള്ള അന്വേഷണം നടത്തുന്നത്. ഇവയെ ഭക്ഷണം നൽകി പ്രലോഭിപ്പിച്ച് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഒരു കാരണവശാലും കുരങ്ങുകളുടെ പരിസരത്തേക്ക് പോകരുതെന്നാണ് പ്രദേശവാസികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പലയിടങ്ങളിലും കുരങ്ങുകൾക്കായി കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് വിശദമാക്കുന്നു. തെർമൽ ക്യാമറകളുടെ സഹായത്തോടെ രക്ഷപ്പെട്ട കുരങ്ങുകളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാണ്.

നിലവിൽ ഈ കുരങ്ങുകളിൽ പരീക്ഷണമൊന്നും നടത്തിയിട്ടില്ലെന്നും എന്തെങ്കിലും രോഗം വഹിക്കാനുള്ള പ്രായം ഇവയ്ക്ക് ആയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നതെങ്കിലും പരിസരവാസികളും കടുത്ത ആശങ്കയിലാണ് കഴിയുന്നത്. കുരങ്ങുകൾ രക്ഷപ്പെട്ടതിൽ നിരാശ മറച്ചു വയ്ക്കുന്നില്ലെന്നും ശുഭാന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നുമാണ് ആൽഫാ ജെനസിസ് സിഇഒ ഗ്രെഗ് വെസ്റ്റർഗാർഡ് പ്രതികരിക്കുന്നത്.

കുരങ്ങുകളെ പാർപ്പിച്ചിരുന്ന കൂടിന്റെ വാതിൽ അടയ്ക്കുന്നതിലെ വീഴ്ചയാണ് സംഭവത്തിന് കാരണമായത്. മരങ്ങളിൽ തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് ഇവയെന്നാണ് പ്രദേശവാസികൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പ്ലാനറ്റ് ഓഫ് ഏപ്സ് എന്ന ഹോളിവുഡ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് സംഭവമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അൻപത് കുരങ്ങുകളാണ് ആൽഫാ ജെനസിസ് കേന്ദ്രത്തിലുണ്ടായിരുന്നത്. ഇതിൽ 43 കുരങ്ങുകളാണ് രക്ഷപ്പെട്ടത്.

മരങ്ങളിൽ കുരങ്ങന്മാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെ വരുന്നതോടെ ഇവർ താമസിപ്പിച്ചിരുന്ന ആൽഫാ ജെനസിസ് കേന്ദ്രത്തിലേക്ക് കുരങ്ങുകൾ തിരിച്ചെത്തുമെന്നും സൂക്ഷിപ്പുകാർ നിരീക്ഷിക്കുന്നുണ്ട്. നിലവിലെ കാലാവസ്ഥയിൽ കുരങ്ങുകളെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമെന്നാണ് ഗ്രെഗ് വെസ്റ്റർഗാർഡ് വിശദമാക്കുന്നത്. ഇത് ആദ്യമായല്ല കുരങ്ങന്മാർ ആൽഫാ ജെനസിസിൽ രക്ഷപ്പെടുന്നത്. 2016ൽ 19 കുരങ്ങന്മാരാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. 2014ൽ 26 കുരങ്ങന്മാർ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 1100 ഓളം ആളുകളാണ് യെമാസീയിൽ താമസമാക്കിയിട്ടുള്ളത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ബർമ, തായ്‌ലന്റ്, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സാധാരണമായി കാണുന്നവയാണ് റീസസ് കുരങ്ങുകൾ.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project