നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പണിമുടക്കി ഐആര്‍സിടിസി ആപ്പ്, ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല, സംഭവിച്ചത് ഇത്; സന്തോഷ വാര്‍ത്ത പിന്നാലെ
ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റും ആപ്ലിക്കേഷനുമായ ഐആര്‍സിടിസിയില്‍ ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നില്ല. ഐആര്‍സിടിഎസ് വെബ്‌സൈറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് തടസം നേരിടുന്നത് എന്ന് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മണിക്കൂര്‍ നേരം മാത്രമായിരിക്കും ഇ-ടിക്കറ്റ് ബുക്കിംഗില്‍ പ്രശ്നം നീണ്ടുനില്‍ക്കുക. ഇതിന് ശേഷം ഐആര്‍സിടിസിയുടെ വെബ്‌സൈറ്റും ആപ്പും വീണ്ടും സജീവമാകും.
'വെബ‌്സൈറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഐആര്‍സിടിസിയുടെ ഇ-ടിക്കറ്റ് ബുക്കിംഗ് ഒരു മണിക്കൂര്‍ നേരത്തേക്ക് ലഭിക്കില്ല. ടിക്കറ്റ് കാന്‍സല്‍ ചെയ്യാനും ടിഡിആര്‍ ഫയല്‍ ചെയ്യാനും 14646, 0755-6610661 & 0755-4090600 എന്നിങ്ങനെയുള്ള കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. അല്ലെങ്കില്‍ etickets@irctc.co.in എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക' എന്നും ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചതായി ഇക്കണോമിക് ടൈംസിന്‍റെ വാര്‍ത്തയില്‍ പറയുന്നു.
പുത്തന്‍ ആപ്പ് ഉടന്‍
ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന 'സൂപ്പര്‍ ആപ്പ്' പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങളിലാണ് ഐആര്‍സിടിസി. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ഭക്ഷണ ബുക്കിംഗ് എന്നിങ്ങനെ അനവധി സേവനങ്ങള്‍ ഒരു ആപ്പിലേക്ക് എത്തിക്കാനാണ് റെയില്‍വേ സൂപ്പര്‍ ആപ്പ് വഴി ശ്രമിക്കുന്നത്.
നിലവില്‍ ഒരു ഡസനിലേറെ മൊബൈല്‍ ആപ്ലിക്കേഷനുകളിലായി നടക്കുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളുടെ തത്സമയ ട്രാക്കിംഗ് എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായിരിക്കും പുറത്തിറങ്ങുകയെന്ന് ഇക്കണോമിക് ടൈംസ് മുമ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. റെയില്‍വെയുടെ ഐടി സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന് ആണ് ആപ്പ് നിര്‍മിക്കാനുള്ള ചുമതല. ഏതാണ്ട് 90 കോടി രൂപ ചിലവിട്ടാണ് ഇന്ത്യന്‍ റെയില്‍വേ സൂപ്പര്‍ ആപ്പ് നിര്‍മിക്കുന്നത് എന്നാണ് സൂചന.