നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പഞ്ചാബിന്റെയും ഹരിയാണയുടെയും തലസ്ഥാനമായ എന്നാല്‍ ഭരണപരമായി ഇരു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത കേന്ദ്ര ഭരണപ്രദേശമാണ് ചണ്ഡീഗഢ്. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണിത്.
ചണ്ഡീഗഢമായി അതിര്‍ത്തി പങ്കിടുന്ന രണ്ടുനഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നുംചേര്‍ന്ന് ചണ്ഡീഗഢ് നഗരത്രയം (Chandigarh Tricity) എന്നറിയപ്പെടുന്നു. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ സ്വപ്നനഗരമാണിത്. ആ സ്വപ്നത്തിന് ചിറകുകള്‍ നല്‍കിയത് ലീ കോര്‍ബ സിയറാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള നഗരവത്കരണമാണ് ചണ്ഡീഗഢിന്റെ മുഖമുദ്ര.
ലോകത്തിലെ ഏറ്റവും മികച്ച ആസൂത്രിത നഗരങ്ങളിലൊന്നാണ് ചണ്ഡീഗഢ്. സ്വതന്ത ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരവും ഇതുതന്നെ. പഞ്ചാബിന്റെ ഗവര്‍ണറാണ് ചണ്ഡീഗഢിന്റെ അഡ്മിനിസ്ട്രേറ്റര്‍. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടാന്‍ ചണ്ഡീഗഢിന് കഴിഞ്ഞിട്ടുണ്ട്. ചണ്ഡീഗഢ് ക്യാപിറ്റൽ കോംപ്ലക്സാണ് ഈ ഖ്യാതി സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയേറിയ നഗരങ്ങളിലൊന്നാണിത്.
ഇംഗ്ലീഷാണ് ചണ്ഡീഗഢിലെ പ്രധാനഭാഷ. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്നവരാണ് നഗരത്തില്‍ കൂടുതലും. ലോകത്തിലെതന്നെ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരങ്ങളിലൊന്നാണ് ചണ്ഡീഗഢ്. 'ദ സിറ്റി ഓഫ് ബ്യൂട്ടി' എന്നാണ് ചണ്ഡീഗഢിനുള്ള വിശേഷണം.
കാണേണ്ട കാഴ്ചകള്‍
റോക്ക് ഗാര്‍ഡന്‍
ഇന്‍ഡസ്ട്രിയല്‍ വേസ്റ്റില്‍നിന്ന് നിര്‍മിച്ച അതിമനോഹരമായ ശില്‍പ്പങ്ങള്‍ റോക്ക് ഗാര്‍ഡനിലെ പ്രധാന കാഴ്ചയാണ്. നെക് ചന്ദ് സൈനി എന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ് 1957-ല്‍ റോക്ക് ഗാര്‍ഡന്‍ നിര്‍മിച്ചത്. വീടുകളില്‍ നിന്നും മറ്റും ഉപേക്ഷിക്കുന്ന പല വസ്തുക്കളും ഇവിടെ ശില്‍പ്പങ്ങളായി മാറിയിരിക്കുന്നു.
സുഖ്ന തടാകം
ഹിമാലയത്തിലെ ശിവാലിക് മലനിരകളുടെ താഴ് വാരത്തായി സ്ഥിതിചെയ്യുന്ന ചണ്ഡിഗഢിലെ തടാകമാണ് സുഖ്ന. 1958-ല്‍ ലീ കോര്‍ബസിയര്‍, പി.എല്‍.വര്‍മ എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മിച്ചെടുത്തതാണിത്.
ക്യാപിറ്റൽ കോംപ്ലക്സ്
ചണ്ഡീഗഢിലെ സെക്ടര്‍- 1 ലാണ് ക്യാപിറ്റൽ സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ പൈകതൃപട്ടികയില്‍ ഇടംനേടിയ ക്യാപിറ്റൽ കോംപ്ലക്സ് നൂറ് ഏക്കറുകളിലായി പരന്നുകിടക്കുന്നു. ഇവിടെയാണ് ചണ്ഡീഗഢിന്റെ ലെജിസ്ലേറ്റീവ് അസംബ്ലി, സെക്രട്ടേറിയറ്റ്, ഹൈക്കോടതി, ഓപ്പണ്‍ ഹാന്‍ഡ് മോണ്യുമെന്റ് തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്.
ദ ഓപ്പണ്‍ ഹാന്‍ഡ് മോണ്യുമെന്റ്
ചരിത്രസ്മാരകമാണ് ദ ഓപ്പണ്‍ ഹാന്‍ഡ് മോണ്യുമെന്റ്. 85 അടി ഉയരമുള്ള ഈ സ്മാരകത്തിന്റെ ആശയം ലീ കോര്‍ബസിയറിന്റെതാണ്.
റോസ് ഗാര്‍ഡന്‍
ഏഷ്യയിലെ ഏറ്റവും വലിയ റോസ് ഗാര്‍ഡന്‍ എന്ന ഖ്യാതിയോടെ ചണ്ഡീഗഢില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് റോസ് ഗാര്‍ഡന്‍. 30 ഏക്കറിലേറെ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തില്‍ ഏതാണ്ട് 1600-ലധികം വിവിധയിനങ്ങളില്‍പ്പെട്ട റോസുകളുണ്ട്. എല്ലാ വര്‍ഷവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇവിടെ റോസ് ഫെസ്റ്റിവല്‍ നടക്കാറുണ്ട്.
കന്‍സല്‍
ചണ്ഡീഗഢിലെ കാട്ടിനകത്തുള്ള ഗ്രാമമാണ് കന്‍സല്‍. കാട്ടിലൂടെയുള്ള സഫാരിയും ട്രെക്കിങ്ങുമെല്ലാമാണ് കന്‍സലിലെ കാഴ്ചകള്‍
സെക്ടര്‍ 17 പ്ലാസ
കാല്‍നടയാത്രക്കാരുടെ സ്വര്‍ഗമാണ് ചണ്ഡീഗഢ് എന്നൊരു ചൊല്ലുണ്ട്. അത് അന്വര്‍ഥമാക്കുന്ന സ്ഥലമാണ് സെക്ടര്‍ 17 പ്ലാസ. ചണ്ഡീഗഢിന്റെ സിറ്റി സെന്ററും ഷോപ്പിങ് ക്യാപിറ്റലുമാണ് ഇവിടം. നഗരത്തിന്റെ എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും, ജലധാരകളും മരങ്ങളും ശില്‍പ്പങ്ങളുമെല്ലാമുണ്ട് സെക്ടര്‍ 17 പ്ലാസയില്‍.
മ്യൂസിയം ഓഫ് ഇവല്യൂഷന്‍ ഓഫ് ലൈഫ്
ചണ്ഡീഗഢ് സെക്ടര്‍ 10-ലെ മറ്റൊരു അദ്ഭുതക്കാഴ്ചയാണ് ഈ മ്യൂസിയം. സിന്ധുനദീതട സംസ്‌കാരത്തില്‍നിന്ന് വര്‍ത്തമാനകാലത്തേക്കുള്ള മനുഷ്യന്റെ പരിണാമം ഇവിടെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
നെപ്ലി റിസര്‍വ് ഫോറസ്റ്റ്
കന്‍സലിനടുത്തായി സ്ഥിതി ചെയ്യുന്ന കാടകമാണ് നെപ്ലി. നെപ്ലി കാട്ടിലൂടെ ജീപ്പ് സഫാരിയും ട്രെക്കിങ്ങുമുണ്ട്