നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നെറ്റ്ഫ്ലിക്സിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി; നടപടി വർണ വിവേചനവും വിസ ചട്ടലംഘനവും സംബന്ധിച്ച്;
അമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ അന്വേഷണം തുടങ്ങി ഇന്ത്യ. രാജ്യത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള അന്വേഷണത്തിൽ വിസ നിയമ ലംഘനം, വർണ വിവേചനം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്. നെറ്റ്ഫ്ലിക്സിൻ്റെ മുൻ ജീവനക്കാരന് ഇത് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസി നൽകിയ നോട്ടീസ് പുറത്തായി.
നെറ്റ്ഫ്ലിക്സിൻ്റെ ഇന്ത്യയിലെ ബിസിനസ് ആൻ്റ് നിയമ കാര്യ വിഭാഗം മുൻ ഡയറക്ടർ നന്ദിനി മേത്തയ്ക്കാണ് കേന്ദ്ര ഏജൻസി നോട്ടീസ് അയച്ചത്. 2020 ൽ ഇവരെ കമ്പനി പുറത്താക്കിയിരുന്നു. തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് നിയമങ്ങൾ പാലിക്കാതെയാണെന്നും വർണപരവും ജാതീയവുമായ വിവേചനങ്ങൾക്ക് കമ്പനിയിൽ താൻ ഇരയായെന്നും കാട്ടി നന്ദിനി അമേരിക്കയിലെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും അന്വേഷണം തുടങ്ങിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫോറിനേർസ് റീജ്യണൽ രജിസ്ട്രേഷൻ ഓഫീസാണ് കത്തയച്ചത്. ഇന്ത്യയിലെ പ്രവർത്തനത്തിനിടെ വർണ വിവേചനം കാട്ടിയെന്നും വിസ ചട്ടം ലംഘിച്ചുമെന്നുമുള്ള പ്രാഥമിക വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണം സ്വാഗതം ചെയ്ത നന്ദിനി, അന്വേഷണ റിപ്പോർട്ട് കേന്ദ്ര ഏജൻസി പരസ്യപ്പെടുത്തണമെന്ന ആഗ്രഹവും പങ്കുവച്ചു.