നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നൂറ് ശതമാനം അർപ്പണബോധവും ഏകാഗ്രതയും; ഷാരൂഖിൽ നിന്ന് പഠിച്ചത് ഇതൊക്കെയെന്ന് തപ്‌സി പന്നു
ഷാരൂഖ് ഖാന്റെ അർപ്പണബോധത്തെയും ഏകാഗ്രതയെയും പ്രശംസിച്ച് നടി തപ്‌സി പന്നു. സിനിമാ സെറ്റിലായിരിക്കുമ്പോള്‍ ഷാരൂഖ് നൂറു ശതമാനം ആത്മാർപ്പണത്തോടെയും ശ്രദ്ധയോടെയുമാണ് ഉണ്ടാവുകയെന്ന് തപ്‌സി ന്യൂസ് എക്‌സിനോട് പറഞ്ഞു. 2023 ൽ പുറത്തിറങ്ങിയ ഡങ്കി എന്ന ചിത്രത്തിൽ ഷാരൂഖും തപ്‌സിയും കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ടിരുന്നു.
വേറെ 50 കാര്യങ്ങൾ ഉണ്ടെങ്കിലും റിഹേഴ്സലിൽ ആയിരിക്കുമ്പോൾ 100 ശതമാനവും ഷാരൂഖ് അവിടെ ഉണ്ടാകും. ചിത്രീകരണ സമയം മുഴുവനും അദ്ദേഹം സെറ്റിലുണ്ടാവും.. എവിടേക്കും പോകുകയില്ല. നിങ്ങൾ എവിടെയാണെങ്കിലും, ജോലിസ്ഥലത്തോ വീട്ടിലോ എവിടെയായിരിക്കുമ്പോഴും എന്ത് ചെയ്താലും 100 ശതമാനം നൽകണം. ആ സമർപ്പണബോധമാണ് താൻ ഷാരൂഖിൽ നിന്ന് പഠിച്ചത്. എന്ത് ചെയ്യുമ്പോഴും ശ്രദ്ധ മാറാതെ 100 ശതമാനം നൽകുന്നുവെന്ന് ഉറപ്പാക്കണമെന്നും തപ്സി പറഞ്ഞു.
രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രമാണ് ഡങ്കി. നാല് സുഹൃത്തുക്കളുടെ ജീവിതവും വിദേശത്ത് എത്താനുള്ള അവരുടെ അന്വേഷണവുമാണ് ചിത്രം. ഷാരൂഖ് ഖാനും തപ്സി പന്നുവിനുമൊപ്പം വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തി.