നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നിജ്ജർ കൊലപാതക അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണം': കാനഡയെ പിന്തുണച്ച് അമേരിക്ക
വാഷിങ്ടണ്‍: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കാനഡയെ പിന്തുണച്ച് അമേരിക്ക. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടു. പക്ഷേ കനേഡിയൻ ഹൈക്കമ്മീഷണറെ പുറത്താക്കിയത് ഇന്ത്യ ഇതിന് തയ്യാറല്ല എന്നതിന് തെളിവാണെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മില്ലർ പ്രതികരിച്ചു.
നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുടെ ആരോപണങ്ങൾ അതീവ ഗൌരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് അമേരിക്ക പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്‍റെ ആവശ്യകത നേരത്തെയും അമേരിക്ക ഊന്നിപ്പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും പരസ്യമായി പറഞ്ഞതിൽ കൂടുതൽ അഭിപ്രായമൊന്നും പറയാനില്ലെന്ന് മാത്യു മില്ലർ വ്യക്തമാക്കി. സഹകരിച്ച് പോകാനാണ് അഭ്യർത്ഥിച്ചിട്ടുള്ളതെന്നും അത് ആവർത്തിക്കുമെന്നും മില്ലർ വിശദീകരിച്ചു.
നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിൽ തുടങ്ങിയ ഇന്ത്യ - കാനഡ നയതന്ത്ര യുദ്ധം കനക്കുകയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരെ കേസിൽ പെടുത്താനുള്ള കനേഡിയൻ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇന്ത്യ ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ളവരോട് രാജ്യം വിടാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
നിജ്ജർ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങൾ അസംബന്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്. തെളിവ് എവിടെ എന്നാണ് ചോദ്യം. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.
ഇന്ത്യയുമായി കാനഡയ്ക്ക് പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ തന്‍റെ രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് കൂട്ടിച്ചേർത്തു. നിലവിലെ സംഭവ വികാസങ്ങളിൽ കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആശങ്ക മനസിലാകുന്നുണ്ടെന്നും ട്രൂഡോ പറഞ്ഞു. പക്ഷേ കാനഡയുടെ സുരക്ഷയെ മുൻനിർത്തി ഇത്തരം നടപടികൾ അനിവാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.