Monday, December 23, 2024 4:59 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Entertainment
  3. നയൻസ് @ 40
നയൻസ് @ 40

Entertainment

നയൻസ് @ 40

November 18, 2024/Entertainment

ഏജ് ഇൻ റിവേഴ്സ് ഗിയർ! വിവാദങ്ങൾക്കിടെ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആഘോഷം; നയൻസ് @ 40

ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നാൽപതിന്‍റെ നിറവിൽ. താരസുന്ദരിയുടെ ജീവിതം പ്രമേയമായ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലി വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെയാണ് നാൽപതാം ജന്മദിനവും എത്തുന്നത്. തിരുവല്ലയിൽ നിന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറിലേക്കുള്ള നയൻസിന്‍റെ യാത്ര ശരിക്കും ഒരു അത്ഭുതകഥ തന്നെയാണ്. മനസിനക്കരയിലെ ഗൗരിയായി മലയാളികൾക്ക് മുന്നിലെത്തിയ ഡയാന കുര്യൻ, ഇന്ന് കോളിവുഡും കടന്ന് ആരെയും അത്ഭുതപ്പെടുത്തുന്ന ഉയരത്തിലാണ്.

മലയാളത്തിൽ നിന്ന് തമിഴിലേക്കും, പിന്നീട് തെലുങ്കിലേക്കും, ഒടുവിൽ ബോളിവുഡിലേക്കും അതിവേഗം ചുവടുമാറ്റി വിസ്മയകരമായ യാത്രയിലാണ് ആരാധകരുടെ പ്രിയപ്പെട്ട നയൻസ്. വെള്ളിത്തിരയിൽ ആരെയും അത്ഭുതപ്പെടുത്തുന്ന 20 വിജയവർഷങ്ങൾ പിന്നിട്ടാണ് നയൻ താര നാൽപതാം ജന്മദിനം ആഘോഷിക്കുന്നത്. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളും തിരിച്ചടികളുമെല്ലാം പലപ്പോഴും വേട്ടയാടിയപ്പോഴും കൂടുതൽ ശക്തമായി തിരിച്ചുവന്നിട്ടുണ്ട് നയൻ താര. കഠിനാധ്വാനവും ആത്മസമർപ്പണവും നിശ്ചയദാർഢ്യവുമാണ് എതിരാളികളില്ലാതെ നയൻസിനെ വളർത്തിയത്.

താരചക്രവർത്തിമാർ മാത്രം അരങ്ങ് വാഴുന്ന തമിഴകത്ത് നയൻതാരക്ക് വേണ്ടി നായികാ കേന്ദ്രീകൃത സിനിമകൾ തീയറ്ററുകളെ ഇളക്കിമറിച്ചതോടെയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം മലയാളികളുടെ സ്വന്തം നയൻസിന് സ്വന്തമായത്. 2 പതിറ്റാണ്ടിനിടെ താരസുന്ദരിമാർ പലരും വന്നുപോയെങ്കിലും തെന്നിന്ത്യയുടെ അന്നത്തെയും ഇന്നത്തെയും ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ മറ്റാരുമല്ല.

ആരാധകർക്ക് ജന്മദിന സമ്മാനമായി നയൻതാരയുടെ ജീവിതം പ്രമേയമായ ഡോക്യുമെന്‍ററി നെറ്റ്ഫ്ലിക്സ് പുറത്തിറക്കാൻ ഇരിക്കെ ആണ് വിവാദങ്ങൾ തലപൊക്കിയത്. നാനും റൗഡി താൻ സിനിമയിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ നടനും നിർമ്മാതാവുമായ ധനുഷ് 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചതോടെ കോളിവുഡ് കണ്ടത് അസാധാരണമായ താരപ്പോരായിരുന്നു. ധനുഷിനെ പ്രതികാരദാഹിയായ ഏകാധിപതിയെന്ന് വിളിച്ച് രൂക്ഷമായ ഭാഷയിൽ നയൻതാര തുറന്ന കത്തെഴുതിയതോടെ സമാനതകളില്ലാത്ത പുതിയൊരു അനുഭവമാണ് തമിഴകം കണ്ടത്. വിവാദങ്ങൾ ഡോക്യുമെന്ററിക്ക് കൂടുതൽ ജനകീയത നൽകുമെന്ന് കരുതുന്നവരും ഉണ്ട്. നയൻസും വിഘ്നേഷും ഉയിരും ഉലകവും ആരാധകരുടെ പ്രിയ ഫാമിലിയായി മാറിയതിനാൽ തന്നെ താരറാണിയുടെ നാൽപതാം ജന്മദിനം വലിയ ആഘോഷമാകും.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project