നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നടിയെ ആക്രമിച്ച കേസ്; 'അന്തിമവാദം തുറന്ന കോടതിയിൽ നടത്തണം';
വിചാരണക്കോടതിയിൽ ഹർജിയുമായി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്കെന്ന് സൂചന. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും.
അതേ സമയം, കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു.