നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ദൃഷാന വീട്ടിലേക്ക് മടങ്ങുന്നു; പ്രതീക്ഷയോടെ മാതാപിതാക്കൾ, വീട്ടിനുള്ളിലെ അന്തരീക്ഷം മാറ്റമുണ്ടാക്കിയേക്കാം
കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് പത്തുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുന്ന ദൃഷാന ഇന്ന് വാടക വീട്ടിലേക്ക് മടങ്ങിയേക്കും. വീടിന്റെ അന്തരീക്ഷത്തിലേക്ക് മാറിയാല്‍ ചെറിയ മാറ്റമുണ്ടായേക്കാമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് ദൃഷാനയെ ആശുപത്രിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് മാറ്റുന്നത്. ഇടിച്ചു തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയ കേസിലെ പ്രതി ഷെജീലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കണമെന്നും മാപ്പില്ലെന്നും കുടുംബം പ്രതികരിച്ചു.
അതേസമയം, ഷെജീലിനെ ദുബായിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. അധികം വൈകാതെ തന്നെ ഇയാള്‍ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിക്കെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തണമെന്നും ഭാര്യക്കെതിരെയും കേസെടുക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു.
മാപ്പര്‍ഹക്കാത്ത ക്രൂരത ചെയ്ത ശേഷം ദുബായിലേക്ക് കടന്ന് ഒന്നും അറിയാതെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി തുടരുന്ന ഷെജീല്‍ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തന്നെ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് ആദ്യം ബന്ധപ്പെട്ടപ്പോള്‍ അപകടം നടന്ന കാര്യം ആദ്യം നിഷേധിച്ച പ്രതി പിന്നീട് സമ്മതിച്ചിരുന്നു. റെഡ് കോര്‍ണര്‍, ലുക്കൗട്ട് നോട്ടീസ് തുടങ്ങിയവ നടപടി ക്രമങ്ങളെക്കുറിച്ച് പൊലീസ് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. ഇയാളെ നാട്ടില്‍ എത്തിക്കുന്നതില്‍ കുടുംബം വഴിയും ശ്രമം നടത്തുകയാണ്. എത്രയും പെട്ടന്ന് അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ച് കുടുംബത്തിന് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന നടപടികള്‍ വേഗത്തിലാക്കാണ് ശ്രമം. നിലവില്‍ ഷെജീലിനെതിരെ അശ്രദ്ധ കൊണ്ടുണ്ടാക്കിയ മരണം, തെളിവ് നശിപ്പിക്കല്‍ എന്നീ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്നും കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തി ഉചിതമായ ശിക്ഷ നല്‍കണമെന്നും നേരത്തെ തന്നെ ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അപകടം നടക്കുമ്പോള്‍ ഷെജീലിന്റെ കൂടെ കാറില്‍ ഉണ്ടായിരുന്ന ഭാര്യക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തേണ്ട എന്നാണ് പൊലീസ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കാറിന് രൂപമാറ്റം വരുത്തിയതും കേസ് അട്ടിമറിക്കാന്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്തതും ഭാര്യക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് ഇപ്പോഴുള്ള കണ്ടെത്തല്‍. എന്നാല്‍ ഭാര്യയും തുല്യ കുറ്റക്കാരി ആണെന്നും കേസ് എടുക്കണമെന്നുമാണ് ദൃഷാനയുടെ കുടുംബത്തിന്റെ ആവശ്യം. പിടിച്ചെടുത്ത കാര്‍ അടുത്ത ദിവസം പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും. അതിന് ശേഷം കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ഇനി മൊഴികള്‍ എടുക്കാനില്ലെന്നും എല്ലാം തെളിവുകളും ശേഖരിച്ചെന്നും പൊലീസ് അറിയിച്ചു.