നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ചാത്തന്നൂർ: പൊട്ടിപ്പൊളിഞ്ഞ വരിഞ്ഞം വഞ്ചിമുക്ക്-വയലിക്കട-അടുതല റോഡ് യാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നു. റോഡിന്‍റെ ടാറിങ് പൊളിഞ്ഞ് അപകടകരമായ രീതിയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ട് കാലങ്ങള്‍ ഏറെയായിട്ടും അധികൃതർക്ക് അനക്കമില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്ബ് ജി.എസ്. ജയലാല്‍ എം.എല്‍.എ പുനർനിർമാണത്തിന്‍റെ ഉദ്ഘാടനം നടത്തിയ പാതയാണ് ഇപ്പോഴും നാട്ടുകാരുടെ നടുവൊടിക്കുന്നത്. കിഫ്ബി ഫണ്ടില്‍നിന്ന് രണ്ടു കോടിയോളം രൂപ ചെലവിട്ട് പാത പുനർനിർമിക്കുമെന്നായിരുന്നു എം.എല്‍.എയുടെ അവകാശവാദം. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും വഞ്ചിമുക്ക്-വയലിക്കട-അടുതല റോഡിന്റെ പണി തുടങ്ങിയില്ല.
ദേശീയ പാതയില്‍ ശീമാട്ടി ജങ്ഷനില്‍ നിന്ന് ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് പോകുന്ന പ്രധാന റോഡാണിത്. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നും. ഇടതടവില്ലാതെ വാഹനങ്ങളും നൂറുകണക്കിന് ജനങ്ങളും ദിനവും കടന്നു പോകുന്ന തിരക്കേറിയ റോഡ് പൂർണമായും തകർന്നതോടെ വാഹന ഗതാഗതം ദുഷ്ക്കരമായി.
കുഴികള്‍ നിറഞ്ഞ റോഡില്‍ മഴപെയ്താല്‍ വെള്ളക്കെട്ടാണ്. ഇതുമൂലം കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായി. മഴ മാറിയാലും വെള്ളക്കെട്ട് മാറാൻ കുറച്ചുനാള്‍ കഴിയും. വലിയ വാഹനം വന്നാല്‍ എതിരേവരുന്ന കാല്‍നടയാത്രികനുപോലും ഒഴിഞ്ഞുമാറാനാകാത്ത വിധത്തിലാണ് കുഴികളില്‍ ചെളിവെള്ളം നിറഞ്ഞു നില്‍ക്കുന്നത്.കൊല്ലം -തിരുവനന്തപുരം ദേശീയ പാതയില്‍ ചാത്തന്നൂർ ശീമാട്ടി ജങ്ഷനില്‍നിന്ന് ജില്ലയുടെ കിഴക്കൻ മേഖലകളായ ഓയൂർ, ആയൂർ, അഞ്ചല്‍, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണിത്. കുഴികളില്‍വീണ് ഇരുചക്രവാഹനയാത്രികർ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവം.
ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്‍റെ പുനർനിർമാണ പ്രവൃത്തികള്‍ ഉടൻ ആരംഭിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും നാട്ടുകാർ പറയുന്നു