നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് കാർ, തേങ്ങ ഉടച്ച് നാരങ്ങയും മുളകും തൂക്കി ഇന്ത്യയിലെ ജർമൻ അംബാസഡർ
ദില്ലി: പുതിയ ഇലക്ട്രിക് കാർ വാങ്ങിയ ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ്പ് അക്കർമൻ കാറിൽ നാരങ്ങയും മുളകും തൂക്കി. തേങ്ങ ഉടയ്ക്കുകയും ചെയ്തു. ഇന്ത്യയിൽ വാഹനം വാങ്ങുമ്പോൾ പൊതുവെയുള്ള ആചാരം ജർമൻ അംബാസഡറും പിന്തുടരുകയായിരുന്നു.
ശൈത്യകാലത്ത് വായു മലിനീകരണം രൂക്ഷമാകുമെന്നും മലിനീകരണം കുറയ്ക്കുന്നതിന് നമ്മൾ സംഭാവന നൽകണമെന്ന് തോന്നിയതിനാലാണ് ഇലക്ട്രിക് കാർ വാങ്ങിയതെന്നും അംബാസഡർ പറഞ്ഞു. ഒരു ഇലക്ട്രോണിക് വെഹിക്കിൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തന്‍റെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് ഇ-കാർ വാങ്ങിയതെന്ന് ജർമൻ അംബാസഡർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇന്ത്യയിൽ ഏകദേശം 1.95 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു ഐ7 എന്ന ആഡംബര കാറിലാണ് ഇനി അംബാസഡർ സഞ്ചരിക്കുക.
വായു മലിനീകരണം തടയാൻ സുസ്ഥിര വികസന മാതൃക സ്വീകരിച്ച, പ്രാദേശിക ആചാരങ്ങൾ പിന്തുടർന്ന ജർമൻ അംബാസഡർക്ക് സോഷ്യൽ മീഡിയയിൽ നിറയെ കയ്യടി ലഭിച്ചു. അംബാസഡറുടെ പുത്തൻ കാർ സോഷ്യൽ മീഡിയയിൽ വൈറലായി.