നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തെറ്റായ ദിശയില്‍ അമിത വേഗതയില്‍ എത്തിയ ബസ് തട്ടിത്തെറിപ്പിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം മുന്നിയൂര്‍ സ്വദേശി രതീപ് നായര്‍ (32) ആണ് മരിച്ചത്. അമിത വേഗതയില്‍ തെറ്റായ ദിശയില്‍ എത്തിയ ബസ്സാണ് യുവാവിന്‍റെ ജീവനെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.
ഉള്ളിയേരി കൂമുള്ളിയില്‍ മില്‍മ സൊസൈറ്റിക്ക് സമീപം ഇന്നലെ വൈകീട്ട് മൂന്നോടെയാണ് അപകടം നടന്നത്. രതീപ് സഞ്ചരിച്ച ബൈക്കില്‍ ബസ് തട്ടുകയായിരുന്നു. കുറ്റ്യാടി - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ്സിന്റെ വലതു വശം തട്ടി രതീപ് തെറിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം. റോഡില്‍ വീണ രതീപിന്റെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി.
ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ റൂട്ടില്‍ ബസുകളുടെ അമിത വേഗത യാത്രക്കാരുടെ ജീവനെടുക്കുന്നത് തുടര്‍ക്കഥയാവുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ കൃത്യമായ നടപടി സ്വീകരിക്കാത്തതാണ് ഇതിന് കാരണമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.