നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന പരാമര്‍ശം'; RSS നിയമ നടപടിക്ക്
കൊച്ചി: തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്‌എസ്.
നിയമസഭയില്‍ നടത്തിയ ആരോപണങ്ങളിലാണ് നടപടി. മന്ത്രി, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നാണ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണാനാണ് തീരുമാനം.
രാഷ്ട്രീയ നേട്ടത്തിന് ആര്‍എസ്‌എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു. ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആർഎസ്‌എസ് ചോദിക്കുന്നു.
ആര്‍എസ്‌എസിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയാണ്. പൂരം സംബന്ധിച്ച വിവാദങ്ങളില്‍ സംഘത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇത്തരം വിവാദങ്ങളില്‍ ഇടപെടാൻ ആര്‍എസ്‌എസിന് സമയമില്ല. വിവാദങ്ങള്‍ക്ക് താല്‍പര്യവുമില്ലെന്നും പി എന്‍ ഈശ്വരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.