നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പെയ്തോങ്തൻ ഷിനാവത്ര, പ്രായം 37. തായ്‌ലൻ്റിൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ട് ദിവസം മാത്രം. ചുമതല ഏറ്റെടുത്ത ഷിനാവത്രയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള ലോകനേതാക്കൾ അഭിനന്ദിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ രണ്ടാമതായിരുന്നു ഷിനാവത്രയുടെ ഫ്യൂ തായ് പാർട്ടി.തായ്‌ലൻ്റിലെ മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനാവത്രയുടെ മകളാണ് പെയ്തോങ്തൻ ഷിനാവത്ര. പൊതുതെരഞ്ഞെടുപ്പിൽ ഫ്യൂ തായ് പാർട്ടി രണ്ടാമതായതിന് പിന്നാലെ അച്ഛൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലൂടെയാണ് സഖ്യകക്ഷി സർക്കാരിൻ്റെ രൂപീകരണത്തിലേക്ക് വഴിതുറന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഫ്യൂ തായ് നേതാവ് സ്രേത തവിസിനാണ് പ്രധാനമന്ത്രിയായത്. ഓഗസ്റ്റ് 2023 നായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്ത പ്രവർത്തിയെന്ന് കുറ്റപ്പെടുത്തി അദ്ദേഹത്തെ രാജ്യത്തെ പരമോന്നത കോടതി അയോഗ്യനാക്കി.