നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കൊൽക്കത്തയിൽ വനിതാഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.കൊൽക്കത്ത ആർജികർ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ സമീപത്ത് ധർണകളോ, റാലികളോ പാടില്ലെന്ന് പൊലീസ് കർശനമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം കനത്തതോടെ സ്ത്രീ സുരക്ഷക്കായി നടപടികൾ പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. കൊൽക്കത്തയിൽ അർധ രാത്രിയും വൻ പ്രതിഷേധം അരങ്ങേറിയതിന് പിന്നാലെ, മമത സർക്കാർ വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ രാത്രി സാഥി പദ്ധതി പ്രഖ്യാപിച്ചു. വനിത ഡോക്ടർമാരുടെ ജോലി 12 മണിക്കൂറിലധികം പാടില്ലെന്നും വനിത ഡോക്ടർമാർക്ക് ആശുപത്രികളിലടക്കം പ്രത്യേക വിശ്രമ മുറി അനുവദിക്കണമെന്നും ബംഗാൾ സർക്കാർ നിർദേശം നൽകി. ആശുപത്രികളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയടക്കം കർശനമാക്കാനും തീരമാനിച്ചിട്ടുണ്ട്. പൊലീസുമായി എളുപ്പത്തിൽ ബന്ധപ്പെടാനായി പ്രത്യേക മൊബൈൽ ആപ്പും മമത സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.