നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ട്വന്റി 20യില്‍ ആഭ്യന്തര കലാപം; കുന്നത്തുനാട്ടിൽ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി
കൊച്ചി ∙ കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20യിലെ ആഭ്യന്തര കലാപത്തിനൊടുവിൽ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എം.വി.നിതമോളെയാണ് ഇന്ന് നടന്ന അവിശ്വാസ വോട്ടെടുപ്പിലൂടെ ട്വന്റി 20 പുറത്താക്കിയത്. ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചാണ് ഈ മാസമാദ്യം പാർട്ടി നിതമോൾക്കെതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകിയിരുന്നത്. വൈസ് പ്രസിഡന്റ് റോയി ഔസേഫിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളും നിതമോളുമായി ഏറെ നാളായി പുകഞ്ഞു നിന്ന അസ്വാരസ്യങ്ങൾക്കൊടുവിലാണ് അവിശ്വാസം കൊണ്ടുവരുന്നത്. അതേ സമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനു പുറത്താക്കിയതാണെന്നും നിതമോൾ പ്രതികരിച്ചു. വരും ദിവസങ്ങളിൽ പരാതി നൽകിയ ശേഷം തെളിവുകൾ പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിൽ നിന്ന് കിറ്റക്സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20, പഞ്ചായത്തിന്റെ അധികാരം പിടിച്ചത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ പ്രസിഡന്റ് ഉൾപ്പെടെ 11 പേരാണ് ട്വന്റി 20ക്ക് ഉണ്ടായിരുന്നത്. കോൺഗ്രസിനു 3, സിപിഎം, മുസ്‍ലിം ലീഗ് 2 വീതം എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. ഇന്ന് നടന്ന ചർച്ചയിലും വോട്ടെടുപ്പിലും സിപിഎം പൂർണമായി വിട്ടു നിന്നു. യുഡിഫ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അടുത്ത തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെയാണ് പഞ്ചായത്ത് ഭരണത്തിൽ പൊട്ടിത്തെറിയുണ്ടായതും പ്രസിഡന്റിന് പുറത്തു പോകേണ്ടി വന്നതും.
സിപിഎം അംഗമായ നിസാർ ഇബ്രാഹിമിനെ അയോഗ്യനാക്കാനുള്ള ശ്രമങ്ങൾ വ്യാജരേഖ ചമച്ച് ചട്ടലംഘനങ്ങൾ നടത്തി, ക്രിമിനൽ ഗൂഢാലോചനകളിൽ ഏർപ്പെടുകയും കോടിക്കണക്കിന് രൂപയുടെ അഴിമതികൾ നടത്തുകയും ചെയ്തു, ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തി, ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങളാണ് അവിശ്വാസപ്രമേയത്തിൽ പ്രസിഡന്റിനെതിരെ ഉണ്ടായിരുന്നത്. കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ അനുസരിച്ചു നിയമപരമായി അയോഗ്യനായ അംഗം നിസാർ ഇബ്രാഹിമിന്റെ അയോഗ്യത ക്രമവൽക്കരിക്കുന്നതിനു വേണ്ടിയും ഇക്കാര്യത്തിൽ ചട്ടങ്ങൾക്ക് വിരുദ്ധമായും നിയമവിരുദ്ധവുമായും പ്രവർത്തിച്ച പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരനെ നിയമനടപടികളിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയും നിതമോളും ദീപു ദിവാകരനും ചേർന്ന് ഗൂഡാലോചന നടത്തി തീരുമാനം അട്ടിമറിച്ചു എന്നാണ് ആരോപണങ്ങളിൽ ഒന്ന്. പ്രസിഡന്റ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാർ, മണ്ണ് മാഫിയകൾ, ബ്ലേഡ് മാഫിയകൾ എന്നിവരുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തി എന്നതാണ് മറ്റൊരു ആരോപണം. പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിൽ വ്യാജ ഒപ്പുകൾ ഇട്ടതായി കണ്ടെത്തിയിട്ടും നിയമപരമായ നടപടികൾ സ്വീകരിച്ചില്ല എന്നതാണ് മറ്റൊരു ആരോപണം. മുതിർന്നവർക്കായി പാലിയേറ്റീവ് സെന്റർ തുടങ്ങാൻ നാട്ടുകാരനായ ഡോക്ടർ അപേക്ഷ നൽകിട്ടും അനുമതി നൽകിയില്ലെന്നും ഇതിന്റെ വിവരങ്ങൾ അറിയാനെത്തിയ ഡോക്ടർക്കെതിരെ പരാതി കൊടുക്കാൻ പ്രസിഡന്റ് ഒത്താശ ചെയ്തെന്ന ആരോപണവും സംഘടന ഉയർത്തിയിരുന്നു.
ട്വന്റി 20യുടെ മറ്റ് പഞ്ചായത്ത് അംഗങ്ങളെ കേൾക്കുന്നില്ലെന്നും തന്നിഷ്ടത്തോടെയാണ് നിതമോൾ പ്രവർത്തിക്കുന്നതെന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി രാജിവയ്ക്കാൻ സംഘടനാ നേതൃത്വം നിതമോളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ വന്നതോടെയാണ് അവിശ്വാസം കൊണ്ടുവരാൻ സംഘടന തീരുമാനിച്ചത്.
അതേസമയം, പാര്‍ട്ടിയിലെ ശീതസമരം തന്നെയാണ് നിലവിലെ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അംഗങ്ങളും നിതമോളും ചേരിതിരിഞ്ഞു നടത്തിയ ഏറ്റുമുട്ടലാണ് ഒടുവിൽ അവിശ്വാസത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. ഒളിമ്പ്യൻ ശ്രീജേഷിന്റെ ജന്മനാടായ ഇവിടെ അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിച്ച സ്റ്റേഡിയം പി.വി.ശ്രീനിജന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണത്തിന് പഞ്ചായത്ത് അനുമതി നൽകിയതും ട്വന്റി 20 നേതൃത്വത്തെ ചൊടിപ്പിച്ചതായി വാദമുണ്ട്. ശ്രീനിജനും ട്വന്റി 20 നേതൃത്വവുമായി ഏറെക്കാലമായി അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്.
തനിക്കെതിരെ ഉയർത്തിയത് വ്യാജ ആരോപണങ്ങളാണെന്നാണ് നിതമോളുടെ വാദം. താൻ സംഘടനയുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് മുന്നോട്ട് പോയത് എന്നും എല്ലാ തീരുമാനങ്ങളും വൈസ് പ്രസിഡന്റ് ഉൾപ്പെടെ അറിഞ്ഞാണ് നടപ്പിലാക്കിയത് എന്നും അവർ പറയുന്നു. തന്നെ കുരുക്കാൻ ഉണ്ടാക്കിയ തെളിവുകൾ വ്യാജമാണ്. വൈസ് പ്രസിഡന്റ് ഒട്ടേറെ ആളുകളിൽ നിന്നു പണം പിരിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും അഴിമതി കാണിച്ചിട്ടും ട്വൻ്റി 20 സംരക്ഷിക്കുകയാണ്. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെട്ടിട നിർമാണവുമായിബന്ധപ്പെട്ട് അഴിമതി നടത്തിയിട്ടുണ്ട്. താൻ പലരോടും പണം വാങ്ങിച്ചുവെന്ന് പറയുന്ന ആരോപണങ്ങൾ വ്യാജമാണ്. പലിശ നൽകിയതിനു തന്റെ പക്കൽ തെളിവുണ്ട്. പാലിയേറ്റീവ് സെന്റർ തുടങ്ങാനായി പള്ളിക്കരയിൽ ഡോക്‌ടറുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടം ബിൽഡിങ് പെർമിറ്റ് ഇല്ലാതെ തന്നെ കെട്ടിപ്പൊക്കിയതാണ്. അതിനു അനുമതി നൽകാത്തത് തന്നോടുള്ള വിരോധമായി. പഞ്ചായത്തിൽ ശുദ്ധജല വിതരണത്തിന്റെ പേരിൽ ഒട്ടേറേപ്പേർ കമ്മിഷൻ പറ്റുന്നുണ്ട് എന്നും നിതമോൾ ആരോപിച്ചു.