Monday, December 23, 2024 5:16 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. ജീവിതത്തിനും മരണത്തിനും ഇടയിലെ വാൾത്തലപ്പിൽനിന്ന് മോചനം
ജീവിതത്തിനും മരണത്തിനും ഇടയിലെ വാൾത്തലപ്പിൽനിന്ന് മോചനം

International

ജീവിതത്തിനും മരണത്തിനും ഇടയിലെ വാൾത്തലപ്പിൽനിന്ന് മോചനം

October 9, 2024/International

ജീവിതത്തിനും മരണത്തിനും ഇടയിലെ വാൾത്തലപ്പിൽനിന്ന് മോചനം; സൗദി വ്യവസായിയുടെ കരുണയിൽ വധശിക്ഷയിൽനിന്ന് മോചിതനായി ഇന്ത്യക്കാരൻ.

ജിദ്ദ ∙ ജീവിതത്തിനും മരണത്തിനും ഇടയിൽ നേർത്തതും മൂർച്ചയേറിയതുമായ ഒരു വാൾത്തലപ്പ് മാത്രമേ ഇന്ത്യക്കാരൻ അടക്കം മൂന്നു പേരുടെ മുന്നിൽ അവശേഷിച്ചിരുന്നുള്ളൂ. ഏതുനിമിഷവും കടന്നെത്താവുന്ന വധശിക്ഷയിൽനിന്ന് ഈ മൂന്നു പേരും ഒടുവിൽ ജീവിതത്തിന്റെ മനോഹരകാഴ്ച്ചകളിലേക്ക് നടന്നുപോയി. ഈ മൂന്നു പേരെയും രക്ഷിച്ച സൗദി വ്യവസായിയുടെ പേര് അവദ് ബിൻ ഖുറൈഅ. കൊലപാതക കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലുകളില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ അടക്കം മൂന്നു വിദേശികളുടെ ജീവനാണ് സൗദി വ്യവസായി അവദ് ബിന്‍ ഖുറൈഅ രക്ഷിച്ചെടുത്തത്.

കൊലക്കേസില്‍ അകപ്പെട്ട സൗദി പൗരന് മാപ്പ് ലഭ്യമാക്കാനുള്ള ശ്രമങ്ങളുമായി നജ്‌റാനിലെത്തിയപ്പോഴാണ് മറ്റൊരു കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പത്തു വര്‍ഷമായി നജ്‌റാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്റെ കഥ താനറിഞ്ഞതെന്ന് അവദ് ബിന്‍ ഖുറൈഅ പറഞ്ഞു. തെലങ്കാന സ്വദേശി ചേപുരി ലിംബാദ്രിയാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞിരുന്നത്. മധ്യസ്ഥ ചര്‍ച്ചകളില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ 15 ലക്ഷം റിയാല്‍ ദിയാധനമായി ആവശ്യപ്പെട്ടു.

ഈ തുക പൂര്‍ണമായും അവദ് ബിൻ ഖുറൈഅ കുടുംബത്തിന് കൈമാറി. തുടർന്ന് ലിംബാദ്രിക്ക് മാപ്പ് ലഭിച്ചു. ലിംബാദ്രിയുടെ വിദൂരമായ സ്വപ്നങ്ങളിൽ പോലും ഒരിക്കലും താൻ ജയിൽ മോചിതനാകുമെന്നോ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നോ ഉണ്ടായിരുന്നില്ല. എന്നാൽ ഭാഗ്യം അവദിന്റെ രൂപത്തിൽ ലിംബാദ്രിയുടെ അരികിലേക്ക് എത്തുകയായിരുന്നു. വൈകാതെ ജയില്‍ മോചിതനായ ലിംബാദ്രി സ്വദേശത്തേക്ക് തിരിച്ചുപോയി. ലിംബാദ്രിയുടെ മോചനം ഇന്ത്യൻ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു.

അവദിന്റെ ഫോട്ടോ സഹിതമായിരുന്നു വാർത്ത. ഇത്തരം പ്രശസ്തികളിലും വാര്‍ത്തകളിലും തനിക്ക് ഒട്ടും താല്‍പര്യമില്ലെന്നും വധശിക്ഷയില്‍ നിന്ന് താന്‍ രക്ഷിച്ച ഇന്ത്യക്കാരനും യുവാവിന്റെ കുടുംബാംഗങ്ങളുമാണ് ഇന്ത്യന്‍ ചാനലുകളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് തന്റെ ഫോട്ടോ പുറത്തുവിട്ടതെന്നും അവദ് പറഞ്ഞു. അല്‍ഖസീമില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു ബംഗ്ലാദേശുകാരനും ദയാധനം നല്‍കി അവദ് മാപ്പ് ലഭ്യമാക്കിയിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പാക്കിസ്ഥാനിക്കും ഇതേപോലെ മാപ്പ് ലഭ്യമാക്കി.

ഇന്ത്യക്കാരന്റെ ബന്ധുക്കള്‍ക്ക് ദയാധനം നല്‍കിയാണ് പാക്കിസ്ഥാനിയുടെ മോചനം സാധ്യമാക്കിയത്. തനിക്കു കീഴില്‍ ജോലി ചെയ്തിരുന്ന പാക്കിസ്ഥാനി തൊഴിലാളിയാണ് വധശിക്ഷ നടപ്പാക്കുന്നതും കാത്ത് ജയിലില്‍ കഴിയുന്ന പാക്കിസ്ഥാനിയുടെ പ്രശ്‌നം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിദേശികളുടെ കേസുകളിലാണ് താന്‍ കൂടുതലായും ഇടപെടുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന സൗദികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ബന്ധുക്കളും കുടുംബങ്ങളും നാട്ടുകാരുമുണ്ട്. ഇവരെ സഹായിക്കാന്‍ നിരവധി പേര്‍ മുന്നോട്ടുവരുന്നു. സഹായിക്കാൻ ആരുമില്ലാത്ത സൗദികളുടെ കാര്യത്തിലും ഇടപെടും.

എന്നാല്‍ വിദേശികളെ സഹായിക്കാന്‍ അധികമാരും മുന്നോട്ടുവരില്ല. അതുകൊണ്ടാണ് താന്‍ വിദേശികളുടെ കേസുകളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്നും അവദ് ബിന്‍ ഖുറൈഅ പറഞ്ഞു. അൽഖോബാറിൽ 'ക്രെയിൻ കിങ്' എന്നറിയപ്പെടുന്ന ഹെവി ഉപകരണ മേഖലയിലെ വ്യവസായ പ്രമുഖനാണ് അവദ് അലി ഖുറൈഅ.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project