നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിത്വം; ജനാധിപത്യത്തില്‍ ആര്‍ക്കും മത്സരിക്കാമെന്ന് രമ്യ ഹരിദാസ്
മത്സരിക്കാന്‍ ഓരോ പാര്‍ട്ടികള്‍ക്കും അവകാശമുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു
തൃശൂര്‍: ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. മത്സരിക്കാന്‍ ഓരോ പാര്‍ട്ടികള്‍ക്കും അവകാശമുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം എന്ന് പറയാന്‍ താന്‍ ആളല്ല. ജനാധിപത്യത്തില്‍ ആര്‍ക്കും മത്സരിക്കാമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച പി വി അന്‍വര്‍ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്‍ കെ സുധീറിനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്നായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
പാലക്കാട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്. പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മിന്‍ഹാജിനെ പിന്‍വലിക്കുകയാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്. വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഡിഎംകെയുടെ പിന്തുണയെ സ്വാഗതം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു.