നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കേരള കോൺഗ്രസുകൾ ഒന്നിച്ചാൽ നാടിന് ഗുണം: പി.സി.തോമസ്
കോട്ടയം ∙ എന്തു ത്യാഗവും സഹിച്ച് കേരള കോൺഗ്രസ് പ്രവർത്തകർ യോജിച്ച് ഒറ്റപ്പാർട്ടിയായി നിലകൊണ്ടാൽ കേരളത്തിനാകെ ഗുണമുണ്ടാകുമെന്നു കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ്.
1964ൽ ഉണ്ടായ അതേ കേരള കോൺഗ്രസ് എന്ന നിലയിൽ ചങ്കൂറ്റത്തോടെ നിന്നാൽ കേരളത്തിലെ കൃഷിക്കാർക്കും തൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെടും. ദേശീയ വീക്ഷണമുള്ള പ്രാദേശിക കക്ഷിയെന്നാണ് 1964ൽ പാർട്ടി രൂപീകരിച്ചപ്പോൾ നേതാക്കൾ വിശദീകരിച്ചതെന്നും തോമസ് പറഞ്ഞു.
ഒരുമിച്ചു മുന്നോട്ടുപോകാനുള്ള വേദിയൊരുക്കാൻ കേരള കോൺഗ്രസ് മനസ്സുള്ള ആളുകൾ ചിന്തിക്കണം. ആരാണു പാർട്ടിയെ നയിക്കേണ്ടതെന്ന ചോദ്യമുയരാം. അതെല്ലാം ഒത്തൊരുമിച്ചു തീരുമാനിക്കാൻ കഴിയുന്ന കാര്യങ്ങളാണ്. കേരളത്തിലെ ഏറ്റവും സീനിയറായ കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫാണ്. അദ്ദേഹം ഉൾപ്പെടെ നല്ല നേതൃത്വം നൽകുമെന്നാണു പ്രതീക്ഷ.
60 വർഷം തികഞ്ഞ ഒരു കേരള കോൺഗ്രസ് പാർട്ടി മാത്രമേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളിലുള്ളൂ. അതു പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസാണ്.
ബ്രാക്കറ്റിൽ പേരോ അല്ലെങ്കിൽ പാർട്ടിയുടെ പേരിന്റെ കൂടെ മറ്റു വാക്കുകളോ ചേർക്കേണ്ടി വന്നിട്ടുള്ള കേരള കോൺഗ്രസുകൾക്കു പ്രായം അതിനെക്കാൾ കുറവാണ്. പക്ഷേ, അതൊന്നും കേരള കോൺഗ്രസ് ഐക്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ വിഷയമല്ലെന്നും പി.സി.തോമസ് പറഞ്ഞു