നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പൂജാരി മരിച്ചു. ഇലങ്കമഠത്തിൽ ജയകുമാറാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുൻപാണ് ക്ഷേത്രത്തിൽ തീപിടിത്തം ഉണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെ കത്തിച്ച വിളക്കുമായി ജയകുമാർ നടന്നുപോയി അടഞ്ഞുകിടന്ന മുറി തുറക്കുന്നത് ദൃശ്യത്തിലുണ്ട്. പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ദേഹത്ത് തീപിടിച്ച ജയകുമാർ പരിഭ്രാന്തനായി ഓടി. ക്ഷേത്രത്തിലുണ്ടായിരുന്നവർ ചേർന്ന് തീ അണച്ച് ജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ജയകുമാറിൻ്റെ മരണം സംഭവിച്ചത്.
ഗ്യാസ് സിലിണ്ടറിൽ നിന്ന് ചോർന്ന വാതകം അടഞ്ഞുകിടന്ന മുറിയിൽ നിറഞ്ഞതാവാമെന്നാണ് പൊലീസ് നിഗമനം. ജയകുമാർ മുറി തുറന്നപ്പോൾ കൈയ്യിലുണ്ടായിരുന്ന വിളക്കിൽ നിന്ന് തീ ആളിപ്പടർന്നതാകാമെന്നും പൊലീസ് സംശയിക്കുന്നു.