നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കാർ ഓടിച്ച് കയറ്റിയത് സൈക്കിളിസ്റ്റുകളുടെ ഇടയിലേക്ക്, പിന്നെ നടന്നത് 'കൂട്ടപ്പൊരിച്ചിൽ'; വീഡിയോ വൈറല്‍
സൈക്കിൾ യാത്രക്കാർക്ക് ഇടയിലൂടെ അപകടകരമായി കാർ ഓടിച്ച് കയറ്റിയ യുവാവിനെ ആക്രമിച്ച് സൈക്കിൾ യാത്രക്കാര്‍. കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ലോസ് ഏഞ്ചൽസിലെ വെസ്റ്റ് ഒളിമ്പിക് ബൊളിവാർഡില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. യൂട്യൂബ് ചാനല്‍ ഉടമയായ അന്‍റോണിയോ ചാവേസ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോയില്‍ ഒരു നാല് വരി പാതയിലെ രണ്ട് വരി പാത നിറഞ്ഞ് സൈക്കിൾ യാത്രക്കാര്‍ പോകുന്നത് കാണാം. ഇവര്‍ക്കിടയിലേക്ക് ഒരു വെള്ള മെഴ്‌സിഡസ് ബെന്‍സ് കാർ കയറിവരുന്നു, കാര്‍ യാത്രക്കാരന്‍റെ വഴി മുടക്കുന്ന തരത്തില്‍ റോഡില്‍ കൌമാരക്കാരായ സൈക്കിൾ യാത്രക്കാരുണ്ട്. ഇവർക്ക് ഇടയിലൂടെ മെഴ്‌സിഡസ് ബെന്‍സ് അപകടരമായ രീതിയില്‍ വേഗം കൂട്ടുകയും യാത്രക്കാരെ 'ഇപ്പോ ഇടിക്കും' എന്ന തരത്തില്‍ ഓടിച്ച് പോകുന്നു. ഇതോടെ സൈക്കിൾ യാത്രക്കാര്‍ അസ്വസ്ഥരാകുകയും 'ഒഴിഞ്ഞ് പോകാനും' 'മാറിക്കൊടുക്കാനും' 'സൂക്ഷിക്കാനും' വിളിച്ച് പറയുന്നതും കേൾക്കാം.
വീഡിയോയുടെ രണ്ടാം ഭാഗത്ത് ഒരു കാറിന് ചുറ്റും ഒരു കൂട്ടം കൌമാരക്കാര്‍ ചേര്‍ന്ന് ഒരു കാര്‍ അക്രമിക്കുന്ന ദൃശ്യങ്ങളാണ്. കാറിന് ചുറ്റും ചിതറിക്കിടക്കുന്ന സൈക്കിളുകളും കാണാം. ഇതിനിടെയിലൂടെ ഒരു യുവാവിനെ ഒരു കൂട്ടം ആളുകൾ ഓടിക്കുന്നു. കൌമാരക്കാരായ സൈക്കിൾ യാത്രക്കാര്‍ കാറിനെ ഒരു പാര്‍ക്കിംഗ് ലോട്ടിലേക്ക് ഓടിച്ച് കയറ്റിയ ശേഷം കാര്‍ ഓടിച്ചിരുന്ന യുവാവിനെ പിടികൂടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്ന് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തില്‍ കാറിന്‍റെ ഗ്ലാസുകളും തകര്‍ക്കപ്പെട്ടു.
വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ചിലര്‍ കൌമാരക്കാരെ വിമർശിച്ചപ്പോള്‍ മറ്റ് ചിലര്‍ കാറോടിച്ച യുവാവാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് എഴുതി. സൈക്കിൾ യാത്രക്കാരെക്കുറിച്ച് നിങ്ങൾക്ക് പല കുറ്റങ്ങൾ പറയാന്‍ കഴിയുമായിക്കാം. പക്ഷേ കാർ ഡ്രൈവറും നിരപരാധിയല്ല. തിരക്കേറിയ റോഡിലേക്ക് അമിത വേഗതയില്‍ വാഹനം ഓടിച്ച് കയറ്റുക, മറ്റുള്ളവരെ അപകടത്തിലാക്കാന്‍ ശ്രമിക്കുക ഇതൊക്കെ അയാളും ചെയ്തെന്ന് ഒരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചു.