നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കായിക താരങ്ങള്‍ക്ക് ഒരിക്കലും വിരമിക്കാനാകില്ല';ഇന്ത്യക്കായി വീണ്ടും സച്ചിന്‍ പാഡണിയുന്നു
മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മാസ്മരിക ഇന്നിങ്‌സുകള്‍ ഓര്‍മകളില്‍ തളംകെട്ടിനില്‍ക്കുന്ന ക്രിക്കറ്റ് ആരാധാകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സച്ചിന്‍ ക്രിക്കറ്റിലേക്ക് വീണ്ടുമെത്തുന്നു. ഇന്ത്യക്കായി തന്നെ കളിക്കും. ഈ വര്‍ഷം തുടക്കമിടുന്ന അന്താരാഷ്ട്ര മാസ്‌റ്റേഴ്‌സ് ലീഗിലാണ് ആരാധകരെ ഒരിക്കല്‍കൂടി വിസ്മയിപ്പിക്കാന്‍ സച്ചിന്‍ എത്തുന്നത്. ഇന്ത്യയടക്കം ആറ് ടീമുകളാണ് ഈ ടൂര്‍ണ്ണമെന്റിലുള്ളത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ദക്ഷിണ ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് മാസ്റ്റേഴ്‌സ് ലീഗിലെ മറ്റുള്ളവര്‍.
ടൂര്‍ണ്ണമെന്റിന്റെ തീയതി ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും നവംബറില്‍ മുംബൈ, ലഖ്‌നൗ, റായ്പുര്‍ എന്നിവിടങ്ങളിലായി നടക്കുമെന്നാണ് വിവരം.
സച്ചിന്റെ തെണ്ടുല്‍ക്കറും അദ്ദേഹത്തിന്റെ ആരാധ്യപുരുഷനുമായ സുനില്‍ ഗവാസ്‌കറും ഒരുമിച്ചാണ് ഐഎംഎല്‍ (അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലീഗ്) ന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. ലീഗിന്റെ കമ്മിഷണറായി ഗവാസ്‌കറെ നിയമിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ പിഎംജി സ്‌പോര്‍ട്‌സുമായും സ്‌പോര്‍ട്‌ഫൈവുമായും സഹകരിച്ചാണ് സച്ചിനും ഗവാസ്‌കറും ഐഎംഎല്ലിനായി പ്രവര്‍ത്തിക്കുന്നത്.
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ്, റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് തുടങ്ങിയ വിരമിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളുടെ ജനപ്രീതി കൂടി കണക്കിലെടുത്താണ് പുതിയൊരു ടൂര്‍ണ്ണമെന്റിന് പിറവിയെടുത്തിരിക്കുന്നത്.
കായിക താരങ്ങള്‍ വിരമിക്കലില്ലെന്നാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടുള്ളത്.
'ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ക്രിക്കറ്റിന് ജനപ്രീതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തില്‍ ടി20 ക്രിക്കറ്റ് അതിന്റെ സ്വീകാര്യത ഉയര്‍ത്തുകയും പുതിയ ആരാധകരെ കളിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. പ്രായഭേദമന്യേ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വലിയ ആഗ്രഹമുണ്ട്, പുതിയ ഫോര്‍മാറ്റുകളിലുള്ള പഴയ പോരാട്ടങ്ങള്‍ക്ക് വീണ്ടും സാക്ഷിയാവുക, കായികതാരങ്ങള്‍ ഒരിക്കലും ഹൃദയംകൊണ്ട് വിരമിക്കാറില്ല, കളിക്കളത്തില്‍ തിരിച്ചെത്താനുള്ള അവസരത്തിനായി അവര്‍ കാത്തിരിക്കുന്നു' സച്ചിന്‍ പറഞ്ഞു.