നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കാമുകനൊപ്പം ജീവിക്കാൻ യാചകനെ കൊന്ന് ആത്മഹത്യാനാടകം നടത്തി യുവതി
ഗാന്ധിനഗർ : കാമുകനൊപ്പം ജീവിക്കാൻ യാചകനെ കൊന്ന് ആത്മഹത്യാനാടകം നടത്തി യുവതി. ഗുജറാത്തിലെ കച്ചിലാണ് വിവാഹിതയായ റാമി കേസരിയ(27) എന്ന യുവതി വ്യാജ ആത്മഹത്യ കെട്ടിച്ചമയ്ക്കാനായി യാചകനെ കൊലപ്പെടുത്തിയത്.
ജൂലൈ അഞ്ചിനായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം ഭർതൃവീട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ ഫോണും ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും ചാരമായ മൃതദേഹത്തിന്റെ അടുത്തുനിന്നും കണ്ടെത്തിയതോടെ മരിച്ചത് റാമി തന്നെയാണെന്ന് കരുതി. മൃതദേഹം തിരിച്ചറിയാവാത്ത നിലയിലായതിനാൽ റാമിയുടെ പേരിൽ മരണാനന്തര ചടങ്ങുകളും നടത്തിയിരുന്നു.
എന്നാൽ മാസങ്ങൾക്ക് ശേഷം സെപ്തംബർ 29ന് യുവതി സ്വന്തം പിതാവിനെ കാണാനെത്തുകയായിരുന്നു. കുറ്റബോധം താങ്ങാനാവാതെ വന്ന യുവതി നടന്ന സംഭവങ്ങൾ പിതാവിനോട് പറഞ്ഞു. സഹായിക്കാനും ആവശ്യപ്പെട്ടു. എന്നാൽ വിവരം പൊലീസിൽ അറിയിച്ച് കീഴടങ്ങാനായിരുന്നു പിതാവ് യുവതിക്ക് നൽകിയ നിർദ്ദേശം. ഇതിന് വഴങ്ങാതിരുന്ന യുവതി വീട്ടിൽ നിന്ന് മടങ്ങിയതിന് പിന്നാലെ പിതാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് മകൾ മരിച്ചിട്ടില്ലെന്ന വിവരം അറിയിക്കുകയായിരുന്നു.
യുവതിയുടെ കാമുകനെ നിരീക്ഷിച്ച ശേഷമാണ് ശനിയാഴ്ച യുവതിയേയും അനിൽ ഗംഗാൽ എന്ന കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷിച്ച് വരാൻ ആരുമില്ലാത്തതെന്ന് കരുതിയ ഒരു യാചകനെ കണ്ടെത്തി ഇയാളെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് യുവതിയും കാമുകനും മൊഴി നൽകി. ഭാരത് ഭാട്ടിയ എന്ന യാചകനെയാണ് ഇവർ കൊല ചെയ്തത്.