നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കാനിൽ ചരിത്രം കുറിച്ചു, ഇനി ഗോൾഡൻ ഗ്ലോബിലേക്ക്; ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് രണ്ട് നോമിനേഷൻ
കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബിൽ രണ്ടു നോമിനേഷനുകൾ നേടി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) ചരിത്രത്തിലേക്ക്. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ നിന്ന് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ സംവിധായകയായി പായൽ കപാഡിയ മാറി.
കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. 2023-ലെ കാനിൽ ഗ്രാൻഡ് പ്രിക്സ് അവാർഡായിരുന്നു സിനിമ നേടിയത്. കൂടാതെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച ഇൻ്റർനാഷണൽ ഫീച്ചറിനുള്ള അവാർഡും 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്സിൽ ജൂറി ഗ്രാൻഡ് പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു.
‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ അടുത്തിടെ ചിത്രം തിയേറ്ററുകളിലുമെത്തിയിരുന്നു. പിന്നാലെ സിനിമയിലെ നടി ദിവ്യ പ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലെെംഗികച്ചുവയുള്ള പരാമര്‍ശങ്ങളും മോശം പ്രതികരണങ്ങളുമായി നിരവധി പേരെത്തിയതോടെ വിഷയം ചർച്ചകളിൽ ഇടം നേടുകയും ചെയ്തു.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.