നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കഴുത്തിൽ ആഴത്തിൽ മുറിവ്, ഉത്തരാഖണ്ഡിലേക്ക് യാത്ര പോയ പ്രൊഫസർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ഡെറാഡൂണ്‍: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ പ്രൊഫസറെ ഉത്തരാഖണ്ഡിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിലും കയ്യിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. മൈനക് പാൽ എന്ന 44കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ ഫിലോസഫി പ്രൊഫസറാണ് മൈനക് പാൽ. രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് ഉത്തരാഖണ്ഡിൽ എത്തിയത്. നവംബർ എട്ടിന് ട്രിപ്പ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുമെന്നാണ് പ്രൊഫസർ പറഞ്ഞിരുന്നത്. എന്നാൽ വീട്ടിലെത്തിയില്ലെന്ന് മാത്രമല്ല ഫോണ്‍ വിളിച്ചിട്ട് കിട്ടിയതുമില്ല. ഇതോടെ വീട്ടുകാർ ഹോട്ടലിൽ ബന്ധപ്പെട്ടു. മുറി ബലമായി തുറന്ന് അകത്ത് കടന്നപ്പോൾ പ്രൊഫസറെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പ്രൊഫസർ ജീവനൊടുക്കിയതാണോ എന്നത് ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
മൈനക് പാലിന് ഭാര്യയും മകളുമുണ്ട്. കുറച്ചു ദിവസം കൂടി ഉത്തരാഖണ്ഡിൽ തുടരാൻ തങ്ങൾ തീരുമാനിച്ചപ്പോൾ പ്രൊഫസർ കൊൽക്കത്തയിലേക്ക് തിരിച്ചുപോവുകയാണെന്ന് പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു. അടുത്ത ദിവസം ട്രെയിൻ കയറുമെന്നാണ് പറഞ്ഞിരുന്നതെന്നും സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു.
പ്രൊഫസറുടെ മരണം ഞെട്ടിച്ചെന്ന് ജാദവ്പൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു പാൽ എന്നും അവർ പറയുന്നു. പ്രൊഫസർ കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. നേരത്തെ രണ്ട് സർക്കാർ കോളേജുകളിൽ ജോലി ചെയ്തിരുന്നു. 2022ലാണ് ജാദവ്പൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായത്.