നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കത്ത് രഹസ്യമല്ല, എല്ലാവര്‍ക്കും കിട്ടിക്കാണില്ല'; വി ഡി സതീശന് മുരളീധരന്റെ മറുപടി
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മുരളീധരന്‍
തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ട് ഡിസിസി നല്‍കിയ കത്ത് യാഥാര്‍ത്ഥ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കത്ത് രഹസ്യമല്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും കിട്ടിക്കാണില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി അയച്ച കത്ത് അറിയില്ലെന്നായിരുന്നു കത്ത് പുറത്ത് വന്നപ്പോള്‍ വി ഡി സതീശന്‍ പ്രതികരിച്ചത്.
കത്ത് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരാഴ്ചയായി. സിപിഐഎമ്മിന്റെ നിലപാട് എല്ലാവര്‍ക്കും മനസ്സിലായി, ഇരട്ടത്താപ്പാണ് അത്. വേട്ടപട്ടിയോടൊപ്പം മുയലിനെ ഇടുന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. കളക്ടറെ കൊണ്ട് വരെ മൊഴിമാറ്റിപ്പിക്കുന്ന അവസ്ഥയുണ്ടായി. പിണറായിയുടെ താളത്തിന് കളക്ടര്‍ തുള്ളുന്നു', അദ്ദേഹം പറഞ്ഞു.
ഒന്നാംപ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണെങ്കില്‍ രണ്ടാം പ്രതി കളക്ടര്‍ അരുണ്‍ കെ വിജയനാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇനിയും സര്‍വീസ് ഉണ്ടെന്ന് കളക്ടര്‍ മനസ്സിലാക്കണം. സിപിഐഎമ്മിന്റെ ചട്ടുകമായി കളക്ടര്‍ പ്രവര്‍ത്തിക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.