നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കത്തിച്ചത് 25,15,585 വിളക്കുകൾ, സരയൂ നദീതീരത്ത് 1,121 മഹാ ആരതി; 2 ഗിന്നസ് റെക്കോർഡുമായി യോഗി
അയോധ്യയിൽ നടന്ന ദീപാവലി ആഘോഷത്തിൽ 25 ലക്ഷത്തിലധികം ദീപങ്ങൾ സരയൂ നദിക്കരയിൽ തെളിയിച്ച് ഗിന്നസ് റെക്കോർഡ് തിരുത്തി. രണ്ട് റെക്കോർഡുകളാണ് അയോദ്ധ്യ സ്വന്തമാക്കിയത്. ഏറ്റവുമധികം ദീപങ്ങൾ (25 ലക്ഷം) തെളിയിച്ചതാണ് ആദ്യ റെക്കോർഡ്. മറ്റൊന്ന്, ഏറ്റവുമധികം (1,121) സരയൂ ആരതി നടത്തിയെന്നതാണ്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷം ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. ഇത്തവണ 55 ഘട്ടുകളിലായി 25 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് സ്വന്തം റെക്കോർഡ് തന്നെയായിരുന്നു അയോദ്ധ്യ തിരുത്തി കുറിച്ചത്. 30,000 വൊളന്റിയർമാരുടെ സേവനം ഇതിന് പിറകിലുണ്ടായിരുന്നു. തുടർന്ന് 1,121 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സരയു ആരതിയും നടന്നു.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സരയു പൂജയിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു. ഭാരതത്തിന്റെ സനാതന ധർമ്മത്തിന്റെ കേന്ദ്രമായി അയോദ്ധ്യ തിളങ്ങുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമ്മാണത്തോടൊപ്പം അയോദ്ധ്യ നഗരവും ലോകോത്തര നിലവാരത്തിലേക്ക് മാറുകയാണെന്നും കാശി അടക്കമുള്ള എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
പതിനാറ് സംസ്ഥാനങ്ങളിലെയും പത്തോളം വിദേശ രാജ്യങ്ങളിലെയും കലാകാരന്മാർ അണിനിരന്ന ശോഭായാത്രയോടെയായിരുന്നു ദീപോത്സവത്തിന് തുടക്കമായത്. ശ്രീരാമന്റെ ജീവിതം വിവരിക്കുന്ന പ്രത്യേക ലൈറ്റ് ഷോയും കലാപരിപാടികളും അരങ്ങേറിയിരുന്നു.