നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കട്ടത്താടിയും പൊക്കക്കുറവും’: പൊലീസുകാരെന്ന വ്യാജേന റെയ്ഡ്; പണം തട്ടിയ സംഘം പിടിയിൽ
ഗാന്ധിനഗർ (കോട്ടയം)∙ : പൊലീസുകാരെന്ന വ്യാജേന രാത്രികാല റെയ്ഡ് നടത്തി പണം തട്ടിയവർ പിടിയിൽ. കോട്ടയം ചെറിയപള്ളി പുരയ്ക്കൽ സാജൻ ചാക്കോ (41), പെരുമ്പായിക്കാട് പള്ളിപ്പുറം മങ്ങാട്ടുകാലാ എം.എസ്. ഹാരിസ് (44), കൊല്ലാട് ബോട്ടുജെട്ടി കവല ഏലമലയിൽ രതീഷ് കുമാർ (43), തെള്ളകം തെള്ളകശേരി കുടുന്നനാകുഴിയിൽ സിറിൾ മാത്യു (58), നട്ടാശേരി പൂത്തേട്ട് ഡിപ്പോക്കു സമീപം കുറത്തിയാട്ട് എം.കെ.സന്തോഷ് (അപ്പായി–43) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. 5 പേരടങ്ങുന്ന സംഘം ചൂട്ടിവേലിക്കു സമീപത്ത് വാടയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു. വാതിൽ തുറന്നപ്പോൾ മുതൽ തൊഴിലാളികളെ മർദിച്ചു. സ്ത്രീകളെ കടന്നു പിടിക്കുകയും ആക്രമിക്കുകയും ചെയ്തു. മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെന്നും രാത്രികാല റെയ്ഡ് ആണെന്നുമാണ് സംഘാംഗങ്ങൾ പറഞ്ഞത്. കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും നിങ്ങൾ കച്ചവടം ചെയ്യുന്നില്ലേയെന്നു ചോദിച്ചായിരുന്നു മർദനം.
‘ഇല്ല സാറേ....’ എന്നു പറഞ്ഞു കാലു പിടിച്ചിട്ടും മർദനം തുടർന്നു. വിജനമായ പ്രദേശത്തെ വീട് ആയിരുന്നതിനാൽ രക്ഷിക്കാനാരും എത്തിയില്ല. പതിനായിരം രൂപ വേണമെന്നും അല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കി അകത്തിടുമെന്നുമായി അക്രമി സംഘം. ഒടുവിൽ പണിയെടുത്ത് സ്വരുക്കൂട്ടി വച്ച അയ്യായിരം രൂപ എടുത്തു നൽകിയപ്പോഴാണ് മർദനം അവസാനിപ്പിച്ചത്. ബാക്കി തുക അടുത്ത ദിവസം തന്നെ ഗൂഗിൽ പേ വഴി നൽകണമെന്നും സംഘം അറിയിച്ചു. ഇതിനായി ഫോൺ നമ്പരും അക്രമി സംഘം നൽകി.
പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മർദിച്ചത് പൊലീസുകാരാണെന്നു തെറ്റിദ്ധരിച്ചു വിവരം ആരോടും വെളിപ്പെടുത്തിയില്ല. കൂടാതെ പൊലീസിൽ പരാതി നൽകാനും പോയില്ല. ഇതിനിടയിലാണ് സംഘത്തിലൊരാൾ കട്ടത്താടി ഉണ്ടായിരുന്നതും മറ്റൊരാൾക്ക് പൊക്കകുറവുള്ളതും ഇതര സംസ്ഥാന തൊഴിലാളികൾ ഓർത്തെടുത്തത്. തുടർന്നു സഹപ്രവർത്തകരോടും കൂടെ ജോലി ചെയ്യുന്നവരോടും ഇക്കാര്യങ്ങൾ പറഞ്ഞു. പൊലീസിനു താടി വയ്ക്കാൻ കഴിയില്ലെന്നു കേട്ടപ്പോഴേ കബളിപ്പിക്കപ്പെട്ടതാണെന്നു വീട്ടുകാർ മനസ്സിലാക്കി. തുടർന്നു ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം അയ്ക്കാൻ ഇവർക്ക് അക്രമി സംഘം നൽകിയ ഗൂഗിൽ പേ നമ്പർ പരിശോധിച്ച പൊലീസ് അതൊരു ക്രിമിനലിന്റെതാണെന്നു മനസ്സിലാക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു.
ചൂട്ടുവേലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന സ്വദേശികളെയാണ് സംഘം പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആക്രമിച്ചത്. പിടിയിലായ സാജൻ ചാക്കോ മണർകാട്, ചിങ്ങവനം എന്നീ സ്റ്റേഷനിലും ഹാരിസ് ഗാന്ധിനഗർ സ്റ്റേഷനിലും രതീഷ് കുമാർ ഏറ്റുമാനൂർ, ഗാന്ധിനഗർ, മണർകാട്, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും സിറിൽ മാത്യു ഏറ്റുമാനൂർ, മട്ടന്നൂർ, കണ്ണാപുരം, ചക്കരക്കല്ല് എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ അഞ്ചു പേരെയും റിമാൻഡ് ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.