നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഓണാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം; അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു
എറണാകുളം: ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തേവര എസ് എച്ച് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും തൊടുപുഴ സ്വദേശിയുമായ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്. കോളേജിലെ ഓണാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി കോളേജില്‍ വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തശേഷം വിശ്രമിക്കുന്നതിനിടെ ജെയിംസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തൊടുപുഴ കല്ലാര്‍ക്കാട് വെട്ടുപാറക്കല്‍ പരേതനായ വര്‍ക്കിയുടേയും മേരിയുടേയും മകനാണ് ജെയിംസ്. മൃതദേഹം നാളെ രാവിലെ 8.30 മുതല്‍ 9.30 വരെ കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹം തൊടുപുഴയിലെ വസതിയിലേക്ക് കൊണ്ടുപോകും