നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മുണ്ടക്കൈ (വയനാട്): ഉരുള്‍ ദുരന്തത്തില്‍ മരിച്ച പ്രിയ പിതാവിന്റെ മൃതദേഹത്തിനായി മുഹമ്മദ് റാഷി എന്ന 30കാരൻ അന്വേഷണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി.
ഒടുവില്‍ ശനിയാഴ്ച ജനിതകപരിശോധന ഫലം വന്നപ്പോള്‍ അവൻ തിരിച്ചറിഞ്ഞു, പിതാവ് അന്ത്യനിദ്രയിലുള്ളത് പല ഖബറുകളിലാണെന്ന്.
നാളുകള്‍ പിന്നിട്ടപ്പോള്‍ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ദുരന്തഭൂമിയില്‍ ആളും ബഹളവും ഒഴിഞ്ഞിട്ടുണ്ട്. അപ്പോഴും ചങ്കില്‍ കെട്ടിയ വേദനയോടെ ഉറ്റവരുടെ ദേഹത്തിനായി അലയുകയായിരുന്നു ഉയിര് ബാക്കിയായവർ. താരാട്ടുപാടിയുറക്കിയ മാതാപിതാക്കളെയും ഒന്നിടറി വീണാല്‍ താങ്ങാകേണ്ട മക്കളെയും ഉരുളെടുത്തു. വൈകിയാണെങ്കിലും അവരുടെ മൃതദേഹങ്ങള്‍ പല ഭാഗങ്ങളായി വിവിധ ഖബറുകളിലുണ്ടെന്നതില്‍ ആശ്വാസം കണ്ടെത്തുകയാണവർ. മുണ്ടക്കൈ ജുമാമസ്ജിദിന് സമീപത്ത് താമസിച്ചിരുന്ന പടിക്കപറമ്ബൻ നാസറിന്റെ (52) മൂത്ത മകനാണ് മുഹമ്മദ് റാഷി. ദുരന്തത്തില്‍ നാസർ, മകൻ സിനാൻ, പിതാവ് മൊയ്തീൻ കുട്ടി, നാസറിന്റെ പിതാവിന്റെ അനിയൻ യൂസഫ്, 12 വയസ്സുകാരൻ ഷുഹൈബ് തുടങ്ങി 15ഓളം പേരാണ് ഈ കുടുംബത്തില്‍ നിന്നുമാത്രം ഇല്ലാതായത്. ഇതില്‍ നാസർ, യൂസഫ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ ജനിതക പരിശോധന ഫലം വന്നപ്പോഴാണ് നാസറിന്റെ മൃതദേഹം തിരിച്ചറിയാത്തവയുടെ കൂട്ടത്തില്‍ പുത്തുമലയിലെ പൊതുശ്മശാനത്തില്‍ 'എൻ 156' എന്ന നമ്ബറില്‍ സംസ്കരിച്ചതായി കണ്ടെത്താനായത്. പക്ഷേ, രണ്ട് ഭാഗങ്ങളായി രണ്ടു ഖബറുകളിലായിരുന്നു അത്.
254 മൃതദേഹങ്ങളാണ് സർവമത പ്രാർഥനയോടെ പുത്തുമലയിലെ ശ്മശാനത്തില്‍ സംസ്കരിച്ചത്. ശരീരഭാഗങ്ങള്‍ ഓരോ മൃതദേഹമായി കണക്കാക്കി വെവ്വേറെ കുഴിമാടങ്ങളാണൊരുക്കിയത്. അടയാള പലകകളില്‍ 'എൻ 156', 'സി 85', 'എം 101' തുടങ്ങിയ നമ്ബറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'എൻ 156' എന്നാല്‍ നിലമ്ബൂരില്‍നിന്ന് കണ്ടെടുത്ത 156ാം മൃതദേഹം എന്നാണ് സൂചന. 'സി' എന്നാല്‍ ചൂരല്‍മലയും 'എം' എന്നാല്‍ മുണ്ടക്കൈയുമാണ്. തിരിച്ചറിയാൻ കഴിയാത്ത ദേഹങ്ങള്‍ പോസ്റ്റ്മോർട്ടം ചെയ്യുമ്ബോള്‍തന്നെ ജനിതകപരിശോധനക്കായി സാമ്ബിളുകള്‍ എടുത്തിരുന്നു. സംശയം ഉന്നയിക്കുന്ന ബന്ധുക്കളുടെയും. ഓരോ ശരീരഭാഗത്തിന്റെയും ഫലം വരുമ്ബോള്‍ മേല്‍നമ്ബറുകള്‍ ഒത്തുനോക്കി മേപ്പാടി പൊലീസ് സ്റ്റേഷനില്‍നിന്നാണ് ബന്ധുക്കളെ വിവരം അറിയിക്കുന്നത്. ഇതനുസരിച്ച് ബന്ധുക്കള്‍ ശ്മമശാനത്തിലെത്തി ഉറ്റവരുടെ ഖബറിടങ്ങള്‍ തിരിച്ചറിയുമ്ബോഴാണ് പ്രിയപ്പെട്ടവർ പല ഖബറുകളിലായാണുള്ളതെന്ന് മനസ്സിലാക്കുന്നത്. യൂസഫിന്റേത് രണ്ട് ഖബറുകളിലായും മറ്റൊരു അഞ്ചുവയസ്സുകാരന്റേത് ആറ് ഖബറുകളിലുമായാണുള്ളത്. എട്ടോളം പേരുടെയും മൃതദേഹങ്ങള്‍ ഇത്തരത്തിലായുണ്ട്.
പ്രിയപ്പെട്ടവരുടെ ദേഹം പല ഭാഗങ്ങളായി പല ഖബറുകളിലായതില്‍ സങ്കടമില്ലേ എന്ന ചോദ്യത്തിന് മുഹമ്മദ് റാഷിയുടെ മറുപടി ഇങ്ങനെയായിരുന്നു... 'ഞങ്ങള്‍ എല്ലാത്തിനോടും പൊരുത്തപ്പെടുകയാണ്. ബാക്കിയായവർക്കുവേണ്ടി ജീവിച്ചല്ലേ പറ്റൂ...'.