നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഒരു കഥ സൊല്ലട്ടുമാ… ചൈനയിൽ പോയി 50 കോടി ക്ലബ് തുറന്ന് മക്കൾ സെൽവന്റെ 'മഹാരാജ'
നവംബർ 29ന് ചൈനയിൽ റിലീസ് ചെയ്ത സിനിമ അവിടെ പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ടിരിക്കുകയാണ്.
വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മഹാരാജ. ഇന്ത്യയിൽ വലിയ വിജയം നേടിയ സിനിമ കഴിഞ്ഞ ദിവസം മുതൽ ചൈനയിലും പ്രദർശനം ആരംഭിച്ചിരുന്നു. നവംബർ 29ന് ചൈനയിൽ റിലീസ് ചെയ്ത സിനിമ അവിടെ പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ടിരിക്കുകയാണ്. 64 കോടി രൂപയാണ് മഹാരാജ ചൈനയിൽ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. ചൈനയിൽ നിന്ന് 50 കോടിയിലധികം രൂപ നേടുന്ന ആദ്യ തമിഴ് ചിത്രമാണ് മഹാരാജ.
ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമിര്‍ ഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾക്ക് ചൈനയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.
ഇതിന് പുറമെ മഹാരാജ ജപ്പാനിലും റിലീസിന് ഒരുങ്ങുകയാണ്. ചൈനയ്ക്ക് പിന്നാലെ ജപ്പാനിലും സിനിമ റിലീസ് ചെയ്യുന്നതിലൂടെ ചിത്രം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ചർച്ചയാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.