നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഒ.ടി.ടിയിൽ മികച്ച അഭിപ്രായം; 'ഭരതനാട്യം' തിയറ്ററിൽ ശ്രദ്ധിക്കാതെ പോയതിന്റെ കാരണങ്ങൾ പറഞ്ഞ് സംവിധായകൻ
സൈജു കുറുപ്പ്, സായ്കുമാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭരതനാട്യം. ആഗസ്റ്റ് 30-ന് റിലീസ് ചെയ്ത ചിത്രത്തിന് തീയറ്ററുകളിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ, ചിത്രം തിയറ്ററിൽ വലിയ വിജയമാകാഞ്ഞതിന്റെ കാരണങ്ങൾ സംവിധായകനായ കൃഷ്ണദാസ് മുരളി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.
പരിപാടി പാളി തുടങ്ങിയപ്പോൾ പലരും പല കാരണങ്ങളും പറഞ്ഞെന്നും ഇത്തരം കാരണങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ടായിരുന്നതായും കൃഷ്ണദാസ് മുരളി പറയുന്നു. 'മാസാവസാനം റീലീസ് ചെയ്തതിനാൽ പ്രേക്ഷകരുടെ ലിസ്റ്റിൽ ഈ ചിത്രം ഉണ്ടായെന്നു വരില്ല. ഓണപരീക്ഷ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു. ടാർഗറ്റ് ഓഡിയൻസ് ഫാമിലി ആയതിനാൽ ഇതും തിരിച്ചടിയായി. റീലിസ് ദിവസം മുതൽ മഴയും പെയ്തു. മൂന്നുനാല് ദിവസം മഴ തുടർന്നു. എല്ലാത്തിനും ഉപരി സിനിമ മേഖല മുഴുവൻ കരിനിഴയിൽ നിൽക്കുന്ന സമയത്താണ് ചിത്രം റിലീസ് ചെയ്തത്. സിനിമ തന്നെ പ്രേക്ഷകർ വെറുക്കുന്ന ഒരു സമയമായിരുന്നു ഇത്. ഇതെല്ലാം കാരണമായെന്ന് തോന്നുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ എത്തിയ ശേഷം ഭരതനാട്യത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രതീക്ഷിച്ചതിലും മുകളിലാണിതെന്നും കൃഷ്ണദാസ് മുരളി പറഞ്ഞു.
സൈജു കുറുപ്പ് ആദ്യമായി നിര്‍മിച്ച ചിത്രമാണ് ഭരതനാട്യം. വീടും നാടും അമ്പല കമ്മിറ്റിയുമായി നടക്കുന്ന ശശിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ശശിയെ സൈജു കുറുപ്പ് അവതരിപ്പിക്കുമ്പോള്‍ മറ്റു രണ്ട് പ്രധാനവേഷങ്ങളില്‍ സായ്കുമാറും കലാരഞ്ജിനിയുമാണെത്തുന്നത്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളായ കലാരഞ്ജിനിയുടെ ചെറിയൊരു ഇടവേളയ്ക്കു ശേഷമുള്ള മലയാള ചിത്രം കൂടിയാണിത്. മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, സ്വാതിദാസ് പ്രഭു (തല്ലുമാല ഫെയിം), നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, പാല്‍തൂ ജാന്‍വര്‍ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.