നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
താരനിബിഢമായ ടീമാണ് സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയല്‍ മഡ്രിഡ്. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപെ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയ മിന്നുംതാരങ്ങള്‍ക്കൊപ്പം കളിക്കാന്‍ ഇനി ആ പതിനെട്ടുകാരനുമുണ്ടാകും. കുട്ടിക്കാലം മുതല്‍ ആരാധിച്ച ക്ലബിനായി ആറു വര്‍ഷത്തെ കരാറൊപ്പിട്ടതിന് ശേഷം ആരാധകരെയും ക്ലബ് അധികൃതരെയും അഭിസംബോധന ചെയ്യുമ്പോള്‍ കുസൃതി മാറാത്ത കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ഓലിച്ചിറങ്ങുന്നുണ്ടായിരുന്നു. കിലിയന്‍ എംബാപ്പെക്കു പിന്നാലെയാണ് പ്രൗഢഗംഭീരമായ ചടങ്ങില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നിലേക്ക് എന്‍ഡ്രിക്കിനെയും റയല്‍ അവതരിപ്പിച്ചത്.ഒരു വര്‍ഷം മുമ്പ് തന്നെ ക്ലബ് അധികൃതര്‍ എന്‍ട്രിക്കുമായും അദ്ദേഹത്തിന്റെ മുന്‍ക്ലബ് ആയ ബ്രസിലിലെ പാല്‍മിറാസ് അധികൃതരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. രാജ്യം വിടാന്‍ എന്‍ട്രിക്കിന് 18 വയസ്സ് പൂര്‍ത്തിയാകണമായിരുന്നു. 18 തികഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ആഘോഷപൂര്‍വം എന്‍ഡ്രിക്കിനെ ക്ലബ് പ്രസിഡന്റ് പെരസ് റയലിലേക്ക് സ്വാഗതം ചെയ്തത്. പതിനാറാം നമ്പര്‍ ജഴ്‌സിയാണ് താരത്തിന് അനുവദിച്ചിരിക്കുന്നത്.