നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
എഡിജിപിക്കെതിരെ ഉടൻ നടപടിയില്ല; സംരക്ഷിച്ച് മുഖ്യമന്ത്രി, എൽഡിഎഫ് യോഗം അവസാനിച്ചു
തിരുവനന്തപുരം: ആരോപണവിധേയനായ എഡിജിപി എംആർ അജിത് കുമാറിനെ ഉടൻ നടപടിയെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് നിർണ്ണായക എൽഡിഎഫ് യോഗം. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്നാണ് നടപടി വേണ്ടെന്ന തീരുമാനത്തിലേക്ക് എൽഡിഎഫ് യോഗമെത്തിയത്
ഘടകകക്ഷികളുടെ ആവശ്യത്തെ തുടർന്നായിരുന്നു അജിത് കുമാറിനെതിരെയുള്ള നടപടി യോഗത്തിൽ ചർച്ച ചെയ്തത്. അജണ്ടയിൽ ഇല്ലാത്ത ഈ വിഷയം ചർച്ച ചെയ്തു തന്നെ പോകണമെന്നായിരുന്നു ഘടകകക്ഷികളുടെ ആവശ്യം. അജിത് കുമാറിനെ മാറ്റുക തന്നെ വേണമെന്ന് യോഗത്തിൽ പങ്കെടുത്ത സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് സ്വീകരിച്ചു. നിലപാടിൽ മാറ്റമില്ലെന്ന് ആർജെഡിയും യോഗത്തിൽ പറഞ്ഞു. അന്വേഷണം കഴിയട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ സ്വീകരിച്ചത്. ഇതേ തുടർന്നാണ് അജിത് കുമാറിനെതിരെ ഉടൻ നടപടി വേണ്ടെന്ന തീരുമാനത്തിലേക്കെത്തിയത്.
ഭരണമുന്നണിയുടെ ഏകോപന സമിതിയാണ് ചേർന്നത്. അവിടെ രാഷ്ട്രീയം ചർച്ചയാകും. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് കേരളം ചർച്ച ചെയ്യുകയാണെന്ന് ആർജെഡി നേതാവ് ഡോ. വർഗീസ് ജോർജ് യോഗത്തിൽ പറഞ്ഞു. കേരളത്തിൽ ആർഎസ്എസ് ശക്തി വർധിപ്പിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു വോട്ട് ബിജെപിക്ക് ലഭിച്ചു. പൊലീസിലെ ഉന്നതൻ ആർഎസ്എസ് നേതാക്കളെ കണ്ടത് ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു