നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും- മന്ത്രി വി ശിവൻകുട്ടി
കണ്ണൂർ: എട്ടാം ക്ലാസിൽ ഈ വർഷവും അടുത്ത വർഷം ഒമ്പതാം ക്ലാസിലും അതിന്റെ അടുത്ത വർഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ശിക്ഷക് സദന്റെ നവീകരണം പൂർത്തീകരണത്തിന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതിന് എല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും മന്ത്രി അഭ്യർഥിച്ചു. നമ്മുടെ കുട്ടികൾ ഒരു വിഷയത്തിലും മോശപ്പെടാൻ പാടില്ല. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതായിട്ടുണ്ട്. ഏതെങ്കിലും ഒരു കുട്ടിക്ക് ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവും. ഓൾ പ്രമോഷനിൽ മാറ്റം വന്നാലേ മതിയാവൂ എന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി കുട്ടികളുടെ അധ്യാപകർ അവരെ സ്വന്തം മക്കളെ പോലെ പരിചരിക്കുന്നവരാണ്. സർക്കാർ/എയ്ഡഡ് മേഖലയിലെ ഈ അധ്യാപകർക്ക് കൂടുതൽ ആനുകൂല്യം നൽകുന്നതും സ്‌കൂളുകളിൽ കൂടുതൽ ഉപകരണങ്ങൾ നൽകുന്നതും സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.