നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
എംജിആറിന്റെ വീട് നിൽക്കുന്ന പഞ്ചായത്തിൽ 126 വർഷത്തോളമായി ഉണ്ടായിരുന്ന റെയിൽവേ സ്റ്റേഷൻ ഇനിയില്ല
വടവന്നൂർ ∙ വടകന്നികാപുരം റെയിൽവേ സ്റ്റേഷൻ; എംജിആറിന്റെ വീട് നിൽക്കുന്ന പഞ്ചായത്തിൽ 126 വർഷത്തോളമായി ഉണ്ടായിരുന്ന റെയിൽവേ സ്റ്റേഷൻ ഇനിയില്ല. റെയിൽവേ പാലക്കാട് ഡിവിഷനു കീഴിലെ യാത്രക്കാരുടെ എണ്ണം കുറവായ സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൽ വടകന്നിപുരവും ഉൾപ്പെട്ടതോടെയാണു സ്റ്റേഷൻ ഇല്ലാതാകുന്നത്. ഇതിന്റെ ഭാഗമായി വടകന്നികാപുരം എന്നു റെയിൽവേ സ്റ്റേഷന്റെ പേരെഴുതിയ ബോർഡ് റെയിൽവേ നീക്കം ചെയ്തു.
1898 മുതൽ 2008 ഡിസംബർ 10 വരെയുള്ള മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട്–പൊള്ളാച്ചി ലൈനിൽ സർവീസ് നടത്തിയിരുന്ന ട്രെയിനുകൾക്കു വടകന്നികാപുരത്തു സ്റ്റോപ്പ് ഉണ്ടായിരുന്നു. രാജ്യസഭാ എംപിയായിരുന്ന പി.ബാലചന്ദ്രമേനോൻ ഉൾപ്പെടെയുള്ളവർ ട്രെയിനിൽ ഈ സ്റ്റേഷനിൽ നിന്നു യാത്ര ചെയ്തിരുന്നവരാണെന്നു പഴയ തലമുറയിൽപ്പെട്ടവർ ഓർക്കുന്നു. എന്നാൽ 2015ൽ മീറ്റർ ഗേജിൽ നിന്നു ബ്രോഡ്ഗേജിലേക്കുള്ള മാറ്റം വന്നതോടെ മീറ്റർ ഗേജ് കാലത്തുണ്ടായിരുന്ന ആറ് പാസഞ്ചർ ട്രെയിനുകളും റെയിൽവേ നിർത്തലാക്കി.
ഗേജ് മാറ്റത്തിനു ശേഷം തിരുച്ചെന്തൂർ ട്രെയിനിനു മാത്രമാണു വടകന്നിപുരത്തു സ്റ്റോപ്പ് ഉണ്ടായിരുന്നത്. പിന്നീട് അതും ഒഴിവാക്കി. പുതുനഗരം സ്റ്റേഷനിൽ നിന്നും അഞ്ചു കിലോമീറ്ററും കൊല്ലങ്കോട് സ്റ്റേഷനിൽ നിന്നു 3 കിലോമീറ്ററുമാണു വടകന്നികാപുരം സ്റ്റേഷനിലേക്കു ദൂരമുള്ളത്. അതു കൊണ്ടു തന്നെ ഈ സ്റ്റേഷനിൽ ഇനി സ്റ്റോപ്പ് അനുവദിക്കാൻ സാധ്യതയില്ല. ഇതോടെ ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യം പറയാനുള്ള സ്റ്റേഷൻ വെറുമൊരു പഴങ്കഥ മാത്രമാകും.