നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇന്ത്യയിൽ ഓഗസ്റ്റിൽ മാത്രം വാട്‌സാപ്പ് പൂട്ടിയത് 84 ലക്ഷം അക്കൗണ്ടുകൾ
ഈ വർഷം ഓഗസ്റ്റ് മാസം ഇന്ത്യയിൽ 80 ലക്ഷത്തിലധികം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി വാട്‌സാപ്പ്. നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവർത്തിച്ചതിനാലാണ് അക്കൗണ്ടുകൾക്കെതിരേ നടപടിയെടുത്തത്.
കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിലാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം, 8458000 അക്കൗണ്ടുകൾക്കാണ് ഓഗസ്റ്റ് ഒന്നിനും 31-നും ഇടയിൽ വിലക്കേർപ്പെടുത്തിയത്.
ഇതിൽ 1661000 അക്കൗണ്ടുകൾ പൂർണമായും നിരോധിച്ചു. ഈ അക്കൗണ്ടുകളിന്മേൽ ഉപഭോക്തൃ പരാതികൾ ലഭിക്കുന്നതിന് മുൻപ് അവ കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു. ഓഗസ്റ്റിൽ 10707 പരാതികളാണ് ലഭിച്ചത്. ഇതിൽ 97 എണ്ണത്തിൽ വാട്സാപ് നടപടി സ്വീകരിച്ചു.
അക്കൗണ്ടുകൾ നിരോധിക്കുന്നതിന് വാട്‌സാപ്പ് വ്യക്തമാക്കുന്ന കാരണങ്ങൾ
സേവന നിബന്ധനകളുടെ ലംഘനം, അനാവശ്യമായ മെസേജുകൾ, ബൾക്ക് മെസേജുകൾ, തട്ടിപ്പുകളിൽ ഏർപ്പെടുന്നത്, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെയ്ക്കൽ
പ്രാദേശിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ ഫ്ലാഗ് ചെയ്യുകയും നിരോധിക്കുകയും ചെയ്യൽ
ദുരുപയോഗം, മോശം പെരുമാറ്റം, ഉപദ്രവം എന്നിങ്ങനെ ഉപഭോക്താക്കളുടെ പരാതിയിലും നടപടിയെടുക്കും.