നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇന്ത്യയിൽ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യത്ത് നിന്ന് എത്തിയയാളിലാണ് രോഗം സ്ഥിരീകരിച്ചത്. എംപോക്‌സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് 2 വകഭേദമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
2022 ജൂലൈ മുതല്‍ 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് സമാനമാണിതെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്താരവസ്ഥ ഇതിന് ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുള്ളത് ക്ലേഡ് 1 വകഭേദത്തെ സംബന്ധിച്ചാണ്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിക്ക് നിലവില്‍ പ്രശ്‌നങ്ങളില്ല.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്.
നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നില്‍. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളില്‍ നിന്നായി 100,000 പേരെയാണ് രോഗം ബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയില്‍ ഇരുപത്തിയേഴുപേര്‍ രോഗബാധിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.