നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ആർഎസ്എസ് നേതാവിനെ കണ്ടതിൽ പ്രശ്‌നമില്ല, എന്ത് ചർച്ച ചെയ്തുവെന്നതാണ് പ്രശ്നം; ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ എൽഡിഎഫിൻ്റെ പൂർണ പിന്തുണയുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി തെറ്റ് ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഉറപ്പാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ടി പി രാമകൃഷ്ണൻ
'എഡിജിപി അജിത് കുമാർ ആർഎസ്എസുകാരുമായി ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ അതിൽ എന്ത് ചർച്ച ചെയ്തുവെന്നതാണ് വിഷയം. അൻവർ നൽകിയ പരാതിയിലും തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലും അജിത് കുമാറിൻ്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ആ പരാതി വിശദമായി പരിശോധിക്കും. അതിനുള്ള നടപടി ആഭ്യന്തര വകുപ്പിൽ തുടങ്ങി. തെറ്റ് ചെയ്‌തെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായാൽ സംരക്ഷിക്കില്ല. കടുത്ത നടപടിയെടുക്കും', ടി പി രാമകൃഷ്ണൻ പറഞ്ഞു
ആർഎസ്എസുമായി നിലപാട് സ്വീകരിക്കാൻ സിപിഎമ്മോ എൽഡിഎഫോ തയ്യാറാകില്ല. കേരളത്തിൽ ഒരു തരത്തിലും എന്തെങ്കിലും നീക്കമുണ്ടാകില്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. ഐ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയത് പ്രകാശ് ജാവദേക്കറെ കണ്ടതിനാൽ അല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. സംഘടനാപരമായ തീരുമാനത്തിൻ്റെ പുറത്താണ്. നാളെ എന്നെയും മാറ്റിയേക്കും. എല്ലാവരും എന്ത് ജോലി ചെയ്യണം എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
സ്പീക്കർ എന്നത് സ്വതന്ത്രപദവിയാണ്. അദ്ദേഹം എന്തു പറയണം എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അതിന് സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതിൽ പ്രതികരിക്കാനില്ല എൽഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടു. ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കൺവീനർ. വയനാടിൻ്റെ പുനരധിവാസം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.