നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ആരോഗ്യപ്രശ്നം സഭയിൽ പറയരുതെന്ന് സ്പീക്കർ
തിരുവനന്തപുരം ∙ രാവിലെ നിയമസഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് അടിയന്തരപ്രമേയം ചർച്ച ചെയ്യാമെന്ന് അറിയിച്ചതെങ്കിലും അസുഖം മൂലം ചർച്ചയിൽ പങ്കെടുത്തില്ല. തലേന്നത്തെ സ്ഥിതി ആവർത്തിക്കരുതെന്നു പറഞ്ഞാണ് മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറെന്ന് അറിയിച്ചത്. ഉച്ചയ്ക്കു 12നു ചർച്ച ആരംഭിച്ചപ്പോൾ, മുഖ്യമന്ത്രിക്കു തൊണ്ടവേദനയും പനിയുമാണെന്നും ഡോക്ടർമാർ വോയ്സ് റെസ്റ്റ് നിർദേശിച്ചിരിക്കുകയാണെന്നും സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അസുഖം യാദൃച്ഛികമായിരിക്കാമെന്ന് മുസ്‌ലിം ലീഗ് അംഗം എൻ.ഷംസുദ്ദീൻ ചർച്ചയ്ക്കിടെ ചൂണ്ടിക്കാട്ടിയപ്പോൾ സ്പീക്കർ ക്ഷോഭിച്ചു: ‘ആർക്കും അസുഖം വരാമല്ലോ, ഇത്തരം സംസാരം വേണ്ട.’ ആരോഗ്യപ്രശ്നം സഭയിൽ ഉന്നയിക്കരുതെന്നു മുന്നറിയിപ്പും നൽകി. ‘ഇന്നുതന്നെ മുഖ്യമന്ത്രിക്ക് അസുഖം വന്നല്ലോ’ എന്നു ഷംസുദ്ദീൻ പറഞ്ഞതോടെ ഭരണപക്ഷത്തുനിന്നു പ്രതിഷേധമുയർന്നു. മുഖ്യമന്ത്രിയെ കളിയാക്കിയതല്ലെന്നും ഇത്രയും പ്രധാനപ്പെട്ട ചർച്ചയിലെ അസാന്നിധ്യം ചൂണ്ടിക്കാണിച്ചതാണെന്നും ഷംസുദ്ദീൻ വിശദീകരിച്ചു.