നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ആ കഥാപാത്രത്തിൻ്റെ പൂർണതയ്ക്കായി മദ്യപിച്ചു, പക്ഷേ ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു- ഷാരൂഖ് ഖാൻ
'ദേവദാസ്' എന്ന ചിത്രത്തിൽ ടെെറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മദ്യം കഴിച്ചിരുന്നുവെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഈ ചിത്രത്തിന് ശേഷം മദ്യപാനം തുടർന്നുവെന്നും ഇത് ആരോഗ്യത്തെ ബാധിച്ചുവെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് ഷാരൂഖ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ദേവദാസ് അവതരിപ്പിക്കാൻ മദ്യം കഴിച്ചത് ഗുണം ചെയ്തോ എന്ന ചോദ്യത്തിന് തനിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചുവെന്നായിരുന്നു ഷാരൂഖ് ഖാൻ്റെ മറുപടി. പക്ഷേ സിനിമയ്ക്ക് ശേഷം താൻ മദ്യപാനം തുടർന്നുവെന്നും അത് പോരായ്മയായിരുന്നുവെന്നും ഷാരൂഖ് ഖാൻ പ്രതികരിച്ചു. ഇത് തന്‍റെ ആരോഗ്യത്തെ ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ദേവദാസിനോട് പ്രേക്ഷകർക്ക് സ്നേഹം തോന്നണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, ദേവദാസിനെ നിങ്ങൾ വെറുക്കണമെന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. ആ കഥാപാത്രം വിവരണാതീതനായിരിക്കണമെന്ന് മാത്രമാണ് എനിക്ക് വേണ്ടിയിരുന്നത്', ഷാരൂഖ് പറഞ്ഞു.
2002 ലാണ് സഞ്ജയ് ലീല ബാന്‍സാലിയുടെ 'ദേവദാസ്' പുറത്തിറങ്ങുന്നത്. ഷാരൂഖ് ദേവദാസായപ്പോള്‍ പ്രണയിനി പാര്‍വതിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു. ചന്ദ്രമുഖി എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തിയത് മാധുരി ദീക്ഷിത്തായിരുന്നു.