നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അൻവർ എപ്പിസോഡ്: 11 ഓഫിസർമാർക്ക് സ്ഥാനനഷ്ടം; പൊലീസ് ചരിത്രത്തിൽ അസാധാരണ നടപടി
തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ മൂലം ഒരുമാസത്തിനിടെ കേരള പൊലീസിൽ 11 ഉയർന്ന ഓഫിസർമാർക്ക് സ്ഥാനനഷ്ടം. 8 ഡിവൈഎസ്പിമാർ മലപ്പുറം ജില്ലയിൽ നിന്നു പുറത്തേക്കു തെറിച്ചു. ജില്ലാ പൊലീസ് മേധാവിയായിരുന്ന എസ്. ശശിധരനെ വിജിലൻസിലേക്കു മാറ്റി. എസ്പി സുജിത്ദാസിനെ സസ്പെൻഡ് ചെയ്തു. ഒടുവിൽ, അൻവർ തുടക്കം മുതൽ എതിർത്ത എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റി. ആരോപണമുന്നയിച്ച അൻവർ ഭരണമുന്നണിയിൽ നിന്നും തെറിച്ചു
പി.വി.അൻവർ തുടക്കമിട്ടത് എസ്പി സുജിത്ദാസിന്റെ റിക്കോർഡ് ചെയ്ത ഫോൺ സംഭാഷണം പുറത്തുവിട്ടാണ്. അൻവറിനെ ആശ്വസിപ്പിക്കുന്നതിനാണ് മലപ്പുറം ജില്ലയിലെ 8 ഡിവൈഎസ്പിമാരെയും മാറ്റാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. അൻവറിന്റെ നീക്കങ്ങളിൽ ആദ്യം തന്നെ മുഖ്യമന്ത്രിക്ക് അനിഷ്ടമുണ്ടായിരുന്നെങ്കിലും ഭരണകക്ഷി എംഎൽഎ എന്ന ആനുകൂല്യം നൽകിയാണ് സംഭവവുമായി നേരിട്ടും അല്ലാതെയും ബന്ധമില്ലാതിരുന്ന 8 ഡിവൈഎസ്പിമാരെയും നടപടിക്കു വിധേയമാക്കിയത്.
ഡിവൈഎസ്പിമാരായ പി.അബ്ദുൽ ബഷീർ, മൂസ വള്ളിക്കാടൻ (സ്പെഷൽ ബ്രാഞ്ച്), എ.പ്രേംജിത് (മലപ്പുറം സബ് ഡിവിഷൻ), സജു കെ.ഏബ്രഹാം (പെരിന്തൽമണ്ണ), കെ.എം.ബിജു (തിരൂർ), പി.ഷിബു (കൊണ്ടോട്ടി), പി.കെ.സന്തോഷ് (നിലമ്പൂർ), വി.വി.ബെന്നി (താനൂർ) എന്നിവരെ തൃശൂർ, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു സ്ഥലംമാറ്റിയത്. മലപ്പുറം എസ്പി എസ്.ശശിധരനെതിരെ പരാതിയുമായി പലവട്ടം ആഭ്യന്തരവകുപ്പിനെ അൻവർ സമീപിച്ചിരുന്നു. തുടർന്നാണ് കലാപത്തിന് തുടക്കമിട്ടത്.
എസ്പി ശശിധരനെ കൂടി മാറ്റിയാൽ പ്രശ്നം അവസാനിക്കുമെന്നു കരുതി ശശിധരനെ കൊച്ചി വിജിലൻസിലേക്കു മാറ്റി. അൻവറിന്റെ തുറന്നു പറച്ചിലിനെത്തുടർന്ന് സുജിത്ദാസിനെ സസ്പെൻഡ് ചെയ്തേ പറ്റൂ എന്ന സ്ഥിതിയായി.