നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അസംസ്‌കൃത എണ്ണ വില ഇടിയുന്നു: പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറഞ്ഞേക്കും
2021ന് ശേഷം ഇതാദ്യമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറില്‍ താഴെയെത്തി.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിയുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും വില കുറയുമോ? ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നത് ഇന്ധന ഡിമാന്റിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് ക്രൂഡ് വിലയില്‍ പ്രതിഫലിച്ചത്.
2021ന് ശേഷം ഇതാദ്യമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറില്‍ താഴെയെത്തി. ക്രൂഡ് വില ഇടിഞ്ഞതോടെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം വര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ കൂറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍(ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍(എച്ച്പിസിഎല്‍) എന്നീ മൂന്ന് പൊതുമേഖലയിലെ കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാര്‍ച്ച് 14നാണ് ഇതിന് മുമ്പ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപവീതം കുറവുവരുത്തിയത്.
മിക്കവാറും സംസ്ഥാനങ്ങളിലും 100 രൂപക്ക് മുകളിലാണ് പെട്രോള്‍ വില. ഡീസല്‍ വില 90 രൂപക്ക് മുകളിലും. ഗതാഗതം മുതല്‍ പാചകംവരെയുള്ള മേഖലകളില്‍ അവശ്യ വസ്തുവായതിനാല്‍ വിലക്കയറ്റത്തെപ്പോലും ഇന്ധന വില സ്വാധീനിക്കുന്നുണ്ട്. പൊതുവിപണിയില്‍ രണ്ട് രൂപ കുറച്ചാല്‍ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ കുറവുണ്ടാകും. ഇക്കാര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം.