നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അഭിമുഖങ്ങളില്‍ സിനിമാക്കാര്‍ ധാര്‍ഷ്ട്യം കാണിക്കുന്നു : ഗൗതമി നായര്‍
ഇങ്ങനെയൊക്കെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ എന്നും ഗൗതമി അടുത്തിടെയായി ചില കലാകാര്‍ മാധ്യമപ്രവര്‍ത്തകരോട് ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്ന് നടി ഗൗതമി നായര്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നല്ല രീതിയിലല്ല ഇവര്‍ പ്രതികരിക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഗൗതമി പറഞ്ഞു. ഇങ്ങനെയൊക്കെ പെരുമാറാന്‍ ഇവിടെയാര്‍ക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ എന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.
'മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കുന്ന കുറെ അഭിമുഖങ്ങള്‍ കാണാനിടയായി. മാധ്യമങ്ങള്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇവിടെ ആര്‍ക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ ഇങ്ങനെ പെരുമാറാന്‍,' ഗൗതമി പറയുന്നു. നിലമറന്ന് പെരുമാറരുതെന്ന് നിലയില്‍ #begrounded എന്ന ഹാഷ്ടാഗോടു കൂടിയാണ് ഗൗതമി ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഈ പോസ്റ്റിന് ഒരു വിശദീകരണവും നടി പിന്നീട് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഒരു തെറ്റും ചെയ്യാത്തവരാണെന്നോ മോശം ചോദ്യങ്ങള്‍ ചോദിക്കുന്ന ആരുമില്ലെന്നോ അല്ല താന്‍ പറയുന്നതെന്ന് ഗൗതമി പറഞ്ഞു. മറുപടി നല്‍കാന്‍ തീരുമാനിക്കുന്ന ചോദ്യങ്ങളോട് ബഹുമാനത്തോടെ ആ മറുപടി നല്‍കാവുന്നതാണെന്ന തന്റെ അഭിപ്രായമെന്ന് അവര്‍ പറഞ്ഞു.
'ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കട്ടെ, മാധ്യമങ്ങള്‍ നിഷ്‌കളങ്കരാണെന്നല്ല ഞാന്‍ പറയുന്നത്. എന്നെ കുറിച്ച് ഈയടുത്ത് വരെ ക്ലിക്ക് ബൈറ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പല അഭിമുഖങ്ങളിലും മോശം ചോദ്യങ്ങള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ ഏത് തരം ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത് എന്നതിലും എങ്ങനെയാണ് മറുപടി നല്‍കേണ്ടത് എന്നതിലും അല്‍പം ബഹുമാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും പഠിക്കാവുന്നതാണ്,' ഗൗതമി പറയുന്നു.
സിനിമാപ്രൊമോഷനുമായി ബന്ധപ്പെട്ടും അല്ലാതെയും അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങള്‍ കുറച്ച് നാളുകളായി ചര്‍ച്ചയിലുണ്ട്. ചര്‍ച്ചകളും ഈയിടെ ഉയര്‍ന്നുവന്നിരുന്നു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ശരിയായ രീതിയിലല്ലെന്നും അതല്ല, മാധ്യമങ്ങളോട് സിനിമാതാരങ്ങള്‍ പെരുമാറുന്നതെന്നിലാണ് പ്രശ്‌നമെന്നും എന്നിങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ സിനിമാമേഖലയില്‍ നിന്ന് ഈ വിഷയത്തില്‍ നിലപാടുമായി ചിലര്‍ രംഗത്തുവരുന്നത് വരുംദിവസങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.