നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അബുദാബി : വിദേശരാജ്യങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് നിയന്ത്രിതമരുന്നുകൾ കൊണ്ടുവരുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ (മൊഹാപ്) മുൻകൂർ അനുമതി വാങ്ങണം. സൈക്കോട്രോപിക്, നിയന്ത്രിത, സെമി കൺട്രോൾഡ് മരുന്നുകൾ കൊണ്ടുവരുന്നതിനാണ് അനുമതി നിർബന്ധമുള്ളത്. എന്നാൽ നിയന്ത്രണമില്ലാത്ത മരുന്നുകൾ കൊണ്ടുവരുന്നതിന് തടസ്സങ്ങളില്ല.
നിയന്ത്രിതമരുന്നുകൾ ഉത്തരവാദിത്വത്തോടെ കൈകാര്യംചെയ്യണം. അല്ലെങ്കിൽ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. യു.എ.ഇ.യിൽ നർക്കോട്ടിക്, സൈക്കോട്രോപിക് ഉൾപ്പെടെയുള്ള മരുന്നുകൾ അംഗീകൃത ആരോഗ്യവിദഗ്ധന്റെ കുറിപ്പടിയില്ലാതെ ലഭിക്കില്ല.
അതിനാലാണ് നിയന്ത്രിതമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും അനുമതി ഏർപ്പെടുത്തിയിട്ടുളളത്. മരുന്നുകളുമായി ബന്ധപ്പെട്ട യു.എ.ഇ.യിലെ നിയമങ്ങൾ അറിയാതെ ഇവിടേക്കെത്തുന്നവർ പലപ്പോഴും വിമാനത്താവളത്തിൽവെച്ച് പിടിക്കപ്പെടുകയും നിയമനടപടികൾ നേരിടേണ്ടിവരുകയും ചെയ്യാറുണ്ട്.
മരുന്നുകൾ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടോയെന്നും അവ കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ httpss://u.ae/en#/ എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
യു.എ.ഇ. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി ഓൺലൈനിലൂടെ അപേക്ഷിക്കാം. യു.എ.ഇ. പാസ് ഉപയോഗിച്ച് വെബ്സൈറ്റിലൂടെയാണ് (mohap.gov.ae) അനുമതിക്കായി അപേക്ഷിക്കേണ്ടത്. സേവനം സൗജന്യമാണ്. അനുമതിക്ക് രണ്ടുമാസം സാധുതയുണ്ടാകും. ഒരു അനുമതി ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. അതായത് ഓരോ തവണ യു.എ.ഇ.യിലേക്ക് നിയന്ത്രിതമരുന്നുകൾ കൊണ്ടുവരുന്നതിനും വെവ്വേറെ അനുമതി ആവശ്യമാണ്.
ഔദ്യോഗിക അനുമതിയില്ലാതെ നിയന്ത്രിതമരുന്നുകളുമായി യാത്ര ചെയ്യുന്നവർക്കെതിരേ നിയമനടപടികളുണ്ടാകും. 2021-ലെ ഫെഡറൽനിയമം 30-ലെ 10, 11 ആർട്ടിക്കിളുകൾപ്രകാരം മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർഥങ്ങൾ തുടങ്ങിയവ അനുവാദമില്ലാതെ ഇറക്കുമതി, കയറ്റുമതി, കൈമാറ്റം, ഉത്പാദനം, കൈവശം വെക്കൽ എന്നിവ ശിക്ഷാർഹമാണ്. പിടിച്ചെടുത്താൽ ഇവയുടെ തൂക്കം, എണ്ണം എന്നിവ അനുസരിച്ച് പിഴ കൂടുകയുംചെയ്യും. നിയമലംഘകർക്ക് ഒരുലക്ഷംമുതൽ രണ്ടുലക്ഷം ദിർഹംവരെ പിഴയും രണ്ടുവർഷം മുതൽ ജീവപര്യന്തംവരെ തടവും ലഭിക്കും.
നിയമലംഘകർക്ക് രണ്ടുലക്ഷംവരെ പിഴയും തടവും