നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അപകടത്തില്‍പ്പെട്ട KSRTC ബസിന് ഇൻഷുറൻസില്ല, സാമ്പത്തിക സ്ഥിതിയില്ലെന്ന വിചിത്രവാദവുമായി മന്ത്രി
കോഴിക്കോട്: തിരുവമ്പാടിയിലെ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽ വിചിത്ര വാദവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവമ്പാടിയിൽ അപകടത്തിൽപെട്ട ബസിന് ഇൻഷുറൻസ് ഇല്ല എന്ന വിഷയം മന്ത്രിയുടെ മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ, എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല എന്നായിരുന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
മന്ത്രി പറഞ്ഞത്; കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്. എല്ലാ വണ്ടികൾക്കും എടുക്കാനുള്ള സാമ്പത്തികം നമുക്ക് ഇല്ല. അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്.
വണ്ടിക്ക് ഇൻഷുറൻസ് ഇല്ല എന്നത് ശരിയാണ്. എന്നാൽ എല്ലാ വണ്ടിയും ഇൻഷുറൻസ് ചെയ്യുക എന്നത് എളുപ്പമല്ല. വണ്ടിക്ക് വേറെ തകരാർ ഒന്നും ഇല്ല. ഫിറ്റ്നസ് ഒക്കെ കറക്ടാണ്. ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് താഴേക്ക് പോയി എന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോർട്ട്. ഡ്രൈവറുടെ പിശക് അല്ല. ദൃക്സാക്ഷികൾ പറഞ്ഞകാര്യങ്ങൾ വെച്ചാണ് റിപ്പോർട്ട് തന്നിരിക്കുന്നത്- മന്ത്രി പറഞ്ഞു.
തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് കഴിഞ്ഞദിവസം രണ്ടുപേര്‍ മരിച്ചിരുന്നു. ആനക്കാം പൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാം പൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്.
തിരുവമ്പാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്പാടിയില്‍നിന്ന് ആനക്കാംപൊയിലിലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 40-ഓളം ആളുകളാണ് ബസ്സില്‍ ഉണ്ടായിരുന്നത്.