നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അന്ന് ജോയ് മോൻ, ഇന്ന് മാനുവൽ… ഹിറ്റുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു, ബേസിലിന്റെ 'ലക്കി നവംബർ'
നവംബർ ബേസിലിന്റെ കരിയറിലെ 'ലക്കി' മാസമാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
ബേസിൽ ജോസഫും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തിയ സൂക്ഷ്മദർശിനി എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടി കൊണ്ടിരിക്കുന്നത്. ഒരു ചിരിവിരുന്നാണ് പ്രതീക്ഷിച്ചതെങ്കിൽ, അടിമുടി പിടിച്ചിരുത്തുന്ന ഒരു ത്രില്ലറാണ് തങ്ങൾക്ക് ലഭിച്ചത് എന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. ബേസിൽ, നസ്രിയ എന്നിവരുടെ പ്രകടനങ്ങൾ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണങ്ങൾ. നടന്റെ കരിയറിലെ മറ്റൊരു വമ്പൻ ഹിറ്റാകും സൂക്ഷ്മദർശിനി എന്നാണ് ആദ്യദിന സൂചനകൾ. നാല് വർഷത്തിന് ശേഷം നസ്രിയയുടെ ഗംഭീര തിരിച്ചുവരവും ഒരുക്കുന്ന സിനിമ മലയാളത്തിന്റെ ഹിറ്റ് യുവസംവിധായകരുടെ പട്ടികയിലേക്ക് ജിതിൻ എം സി എന്ന പേരും കൂടി ചേർത്തിരിക്കുകയാണ്.
സൂക്ഷ്മദർശിനി നേടുന്ന പോസിറ്റീവ് റിപ്പോർട്ടുകൾക്കിടയിൽ ബേസിൽ ജോസഫ് എന്ന നടന്റെ കരിയറുമായി ബന്ധപ്പെട്ടുള്ള ഒരു കൗതുകവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ബേസിൽ ജോസഫിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള, ഹിറ്റായിട്ടുള്ള ചില സിനിമകൾ റിലീസ് ചെയ്തത് നവംബർ മാസത്തിലായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ജാൻ എ മൻ. കൊവിഡാനന്തരം 2021 നവംബർ 19 നായിരുന്നു ജാൻ എ മൻ റിലീസ് ചെയ്തത്. വലിയ താരനിരയോ ഹൈപ്പോ ഒന്നുമില്ലാതെ എത്തിയ ചിത്രം ആ വർഷത്തെ സ്ലീപ്പർ ഹിറ്റുകളില്‍ ഒന്നായി മാറി. ആദ്യ ദിനങ്ങളിൽ 90 ഓളം സ്ക്രീനുകൾ മാത്രം ലഭിച്ച സിനിമ പിന്നീട് പ്രേക്ഷക പ്രീതി മൂലം 150 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നു. ആ ചിത്രത്തിൽ കാനഡയിൽ നേഴ്സായുള്ള ജോയ് മോൻ എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിച്ചത്. ജോയ് മോന്റെ ഏകാന്തതയും നിരാശകളുമെല്ലാം മനോഹരമായി തന്നെ നടൻ അവതരിപ്പിക്കുകയും, ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു. ബേസിൽ എന്ന നടന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയായിരുന്നു ജോയ് മോനും ജാൻ എ മന്നും.
ബേസിലിന്റെ കരിയറിലെ മറ്റൊരു ഹിറ്റ് ചിത്രമായ ഫാലിമി പുറത്തിറങ്ങിയതും ഒരു നവംബർ മാസത്തിലാണ്. കഴിഞ്ഞ വർഷം നവംബർ 17 നായിരുന്നു ഫാലിമി റിലീസ് ചെയ്തത്. വാരണാസിയിലേക്കുള്ള ഒരു കുടുംബത്തിന്റെ രസകരമായ യാത്ര പറഞ്ഞ സിനിമ ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. ബേസിലിനൊപ്പം ജഗദീഷ്, മഞ്ജു പിള്ള, മീനരാജ് പള്ളുരുത്തി, സന്ദീപ് പ്രദീപ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.