നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ബീഹാറില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി നീതിഷ് കുമാര്‍. സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ സംസാരിച്ചെന്ന് സൂചന. ബിജെപിയുമായി – ജെഡിയു ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് സോണിയയുമായി ആശയവിനിമയം നടത്തിയത്. രണ്ട് ദിവസത്തിനകം സോണിയ ഗാന്ധിയുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുന്നോടിയായി നാളെ ജെഡിയു എംഎല്‍എമാരുടെ യോഗം വിളിച്ചു.എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ജെഡിയു പുറത്തേക്ക് പോകുന്നുവെന്ന സൂചനകളാണ് ഇതോടെ ലഭ്യമാകുന്നത്. ഏതാനും മാസങ്ങളായി ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് അഗ്നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല. ഇതും നിതീഷ് കുമാറിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത പല യോഗത്തില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു. ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത നീതി ആയോഗിന്റെ യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. ഇതിനിടയിലാണ് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചത്. കൂടാതെ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും അദ്ദേഹം നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തിയേക്കും.