നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ബ്യൂണസ് ഐറിസ്: ഏവിയേഷന്‍ യൂണിയനുകളുടെ പണിമുടക്കില്‍ സ്തംഭിച്ച് അര്‍ജന്‍റീനയിലെ വിമാനത്താവളങ്ങള്‍. അവസാന നിമിഷം പ്രഖ്യാപിച്ച പണിമുടക്ക് 15000 യാത്രക്കാരെയാണ് ഇതിനോടകം ബാധിച്ചത്. 150ലേറെ വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പണപ്പെരുപ്പത്തിനനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടായിരുന്നു വിമാന ജീവനക്കാരുടെ പണിമുടക്ക്. 9 മണിക്കൂറിലേറെ നീണ്ട പണിമുടക്കിൽ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനം താറുമാറായതാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
15000ത്തിലേറെ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റി നൽകുന്നതും മറ്റ് വിമാനങ്ങൾ ഒരുക്കി നൽകുന്നതുമായി വലിയ നഷ്ടമാണ് എയറോലിനീസ് അർജന്റീനാസ് എന്ന വിമാനക്കമ്പനിക്ക് സംഭവിച്ചിട്ടുള്ളത്. പ്രതിഷേധം അവസാനിക്കുന്നത് വരെ വിമാനത്താവള ടെർമിനലുകളിലേക്ക് എത്തരുതെന്ന് വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര സർവ്വീസുകളേയും അന്തർ ദേശീയ സർവ്വീസുകളേയും പ്രതിഷേധം സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ ഒരു ലോജിക് ഇല്ലെന്നാണ് വിമാനത്താവള പ്രസിഡന്റ് വിശദമാക്കുന്നത്. വന്യമായ രീതിയിലുള്ളതായിരുന്നു പ്രതിഷേധമെന്നാണ് വിമാനത്താവള പ്രസിഡന്റ് ഫാബിയാൻ ലൊംബാർഡോ വിശദമാക്കുന്നത്. അർജന്റീനിയക്ക് മാറ്റമുണ്ടാകുന്നത് യൂണിയൻകാർ തിരിച്ചറിയുന്നില്ലെന്നാണ് അധികൃതർ പ്രതിഷേധക്കാരെ പരിഹസിച്ചത്.